Spread the love

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാനകഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘പൊൻമാൻ’. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിനൊപ്പം ബേസിലിന്റെ കഥാപാത്രവും കൈയ്യടി നേടുന്നുണ്ട്.

സ്ഥിരം വേഷങ്ങളിൽ നിന്ന് അല്പം വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിൽ ബേസിൽ അവസരിപ്പിക്കുന്നത്. ഇപ്പോഴിതാ, ബേസിലിനെ പ്രശംസിച്ച് ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ‘പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ, ഭാവിയിൽ ഒരുപാട് അംഗീകാരങ്ങൾ തേടിയെത്തട്ടെ. അടുത്ത പടത്തിനായി കട്ട വെയ്റ്റിങ്! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ ! കോടികൾ വാരട്ടെ,’ എന്നായിരുന്നു ബേസിലിന്റെ ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.

പോസ്റ്റിലെ ബേസിലിന്റെ കമന്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “തരാനുള്ള പൈസ പ്രൊഡ്യൂസർ ബാക്കി താ, എന്നിട്ട് സംസാരിക്കാം,” എന്നായിരുന്നു ബേസിൽ​ കുറിച്ചത്. ‘സൗഹൃദത്തിന് വില പറയുന്നോടാ ?? ചെ ഛെ ഛേ,’ എന്നാണ് ബേസിലിന് ടൊവിനോ മറുപടി നൽകിയത്.

ടൊവിനോ നിർമ്മിക്കുന്ന ‘മരണമാസ്’ എന്ന ചിത്രത്തിലാണ് ബേസിൽ അടുത്തതായി നായകനാകുക. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസിന്റെ കഥയെഴുതിയിരിക്കുന്നത് നടൻ സിജു സണ്ണിയാണ്. ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ. പോസ്റ്റിൽ സിജു പങ്കുവച്ച കമന്റും രസകരമാണ്.

‘അടുത്ത പടം കോടിക്കണക്കിനു കോടികൾ വാരണേ… ഞങ്ങടെ പ്രൊഡ്യൂസർ ഒരു ലക്ഷ പ്രഭു ആവണേ’ എന്നായിരുന്നു കമന്റ്. ‘ഇപ്പൊ കോടീശ്വരനായ ആ നല്ലവനായ പ്രൊഡ്യൂസറെ ലക്ഷപ്രഭു ആക്കാനുള്ള പ്രചണ്ഡ സ്റ്റാറിന്റെ എല്ലാ ശ്രമങ്ങളും ഏതു വിധേനയും തടയുന്നതായിരിക്കും’ എന്നാണ് ഇതിന് ടൊവിനോ നൽകിയ മറുപടി. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ താരങ്ങളുടെ കമന്റുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റിന് ലഭിക്കുന്നുണ്ട്.

Leave a Reply