ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിവച്ചിരിക്കുകയാണ്. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ അറിയിപ്പ്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി 14ന്, ആന്റണി വർഗീസ് പെപ്പെ നായകനായ ‘ദാവീദ്’ , അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ബ്രൊമാൻസ്’, സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘പൈങ്കിളി’ എന്നിവയ്ക്ക് ഒപ്പമായിരുന്നു മുൻപ് ബസൂക്കയും റിലീസ് പ്ലാൻ ചെയ്തിരുന്നത്.
ഡീനോ ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരാണ് അണിനിരക്കുന്നത്.
കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക. ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ.