Spread the love

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഐ.എം.എ ഘടകത്തിന് കീഴിലെ ആശുപത്രികളിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഐ.എം.എ കോഴിക്കോട് ഘടകത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ പണിമുടക്കിയത്.

കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിൽ ഡോക്ടർമാർ പൂർണമായി ഒ.പി ബഹിഷ്‌കരിച്ചു. മറ്റിടങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.പി.കെ അശോകന് രോഗിയുടെ കൂട്ടിരിപ്പുകാരിൽ നിന്ന് മർദ്ദനമോറ്റ സംഭവമാണ് ഡോക്ടർമാരെ സമരത്തിലേക്ക് നയിച്ചത്.

കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ കുഞ്ഞ് മരിച്ചതിനെത്തുടർന്നാണ് ആശുപത്രിക്കുനേരെയുള്ള അക്രമത്തിനും ഡോക്ടറെ മർദ്ദിക്കുന്ന സംഭവത്തിലേക്കും നയിച്ചത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഫാത്തിമ ഹോസ്പിറ്റലിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കിഡ്‌സൺ കോർണറിൽ സമാപിച്ചു.

ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.സുൾഫി മാർച്ച് ഉദ്ഘാടനം ചെയ്തു. ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് സീനിയർ വൈസ് പ്രസിഡന്റ് ഡോ. രാജു ബൽറാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്റ്, കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻ. സുരഷ്, കെ.ജി.എം.സി.ടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമൽ ഭാസ്‌കർ, ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

മാർച്ച് നടത്തിയ കണ്ടാലറിയുന്ന നൂറോളം ഡോക്ടമാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഡോക്ടറെ അക്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെയാണ് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിൽ കഴിഞ്ഞ ദിവസം രണ്ടു പേർ കീഴടങ്ങിയിരുന്നു. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ (25), മുഹമ്മദ് അലി(56) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും മർദ്ദനത്തിൽ നടപടിയില്ലെങ്കിൽ മുഴുവൻ ആശുപത്രികളിലേയും അത്യാഹിത വിഭാഗം അടക്കം സ്തംഭിപ്പിച്ച് അനശ്ചിതകാല സമരം നടത്തുമെന്നും ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.വേണുഗോപാലൻ അറിയിച്ചു.

കെ.ജി.എം.ഒ.എ സംസ്ഥാന തലത്തിൽ എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട് ആശുപത്രി ആക്രമണത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രികൾ സേഫ് സോണുകളായി പ്രഖ്യാപിക്കണമെന്നും സർക്കാർ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

Leave a Reply