മഹാകുംഭമേളയ്‌ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ മാല വിൽപ്പനക്കാരി മൊണാലിസ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മൊണോലിസ എത്തിയത്. സഹോദരനൊപ്പമാണ് മൊണാലിസ കേരളത്തിലെത്തിയത്. കേരളത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മൊണാലിസ പറഞ്ഞു.
നിരവധി പേരാണ് മൊണാലിസയെ കാണാനായി എത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം ബോച്ചെയോടൊപ്പം ചുവടുവയ്‌ക്കുന്ന മൊണാലിസയുടെ വീഡിയോ വൈറലാവുകയാണ്. 15 ലക്ഷം രൂപയാണ് മൊണാലിസക്ക് പ്രതിഫലമായി നൽകിയതെന്നാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് മൊണാലിസ എത്തുമെന്ന് ബോബി ചെമ്മണ്ണൂർ നേരത്തെ അറിയിച്ചിരുന്നു. ഇൻഡോറിലെ മാല വിൽപ്പനക്കാരിയാണ് മൊണാലിസ. കുംഭമേളയ്‌ക്കെത്തിയ പെൺകുട്ടിയുടെ അതിമനോഹരമായ ചിത്രങ്ങൾ ചില വ്ലോഗർമാർ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് മൊണാലിസ ശ്രദ്ധനേടിയത്.
നിറഞ്ഞ പുഞ്ചിരിയും പൂച്ചക്കണ്ണും ഇരുണ്ടനിറവുമുള്ള മൊണാലിസ നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ താരമായി മാറി. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെ സിനിമാ രംഗത്തേക്ക് ചുവടുവയ്‌ക്കാൻ ഒരുങ്ങുകയാണ് മൊണാലിസ.