ന്യൂഡൽഹി : ബിഎഡ് ബിരുദധാരികൾ പ്രൈമറി സ്കൂൾ (1-5 ക്ലാസ്) അധ്യാപകരാകാൻ അയോഗ്യരാണെന്ന രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
പ്രൈമറി അധ്യാപകരാകാൻ ആവശ്യമായ ബോധന പദ്ധതിയിലൂടെ ബിഎഡുകാർ കടന്നുപോകുന്നില്ലെന്നും അതുകൊണ്ടു തന്നെ ഗുണനിലവാരമുള്ള പ്രൈമറി ക്ലാസ് അധ്യാപനം ഉറപ്പു നൽകാൻ ഇവർക്കു കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിധി.
ബിഎഡുകാർക്ക് 1– 5 ക്ലാസുകളിൽ അധ്യാപകരാകാമെന്നു നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) 2018 ൽ വിജ്ഞാപനമിറക്കിയിരുന്നു. രാജസ്ഥാൻ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽനിന്ന് (ആർടെറ്റ്) ബിഎഡുകാരെ ഒഴിവാക്കിയത് ഇതിനു പിന്നാലെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.
എൻസിടിഇ വിജ്ഞാപനം അസാധുവാണെന്നും ബിഎഡ് ബിരുദധാരികൾ പ്രൈമറി അധ്യാപകരാകാൻ അയോഗ്യരാണെന്നുമായിരുന്നു രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയായിരുന്നു സുപ്രീം കോടതിയിലെ അപ്പീൽ.
മൗലികാവകാശത്തിന്റെയും വിദ്യാഭ്യാസാവകാശത്തിന്റെയും പരിധിയിൽ ഗുണനിലവാരവും ഉൾപ്പെടുമെന്ന് ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.