ബെംഗളൂരു∙ ഹോട്ടൽ മുറിയിൽ നാലുവയസ്സുകാരനെ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനെ കൊല്ലുന്നതിനു തലേന്ന് കുട്ടിയുടെ അച്ഛനോട് അവനെ വന്നുകാണാൻ സുചന സേത്ത് പറഞ്ഞിരുന്നു. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് സുചനയും ഭർത്താവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
കൊലപാതകത്തിൽ സുചന യാതൊരുവിധത്തിലുള്ള പശ്ചാത്താപവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ മരണത്തെപ്പറ്റിയോ അതിലെ പങ്കിനെപ്പറ്റിയോ ചോദിക്കുമ്പോഴൊക്കെ നിർവികാരമായും നിസ്സാരമായുമാണു പ്രതിയുടെ മറുപടി. കുട്ടിയെ തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണു പോസ്റ്റ്‌മോർട്ടം വിവരം.
ബംഗാൾ സ്വദേശിയായ സുചന ഗോവയിൽ ഹോട്ടൽ മുറിയെടുത്തു താമസിക്കുന്നതിനിടെ കുഞ്ഞിനെ കൊല്ലുകയായിരുന്നു. സംഭവത്തിനു പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും അതിന്റെ കാരണമെന്തെന്നു സുചന പറഞ്ഞിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കയ്യിലെ മുറിപ്പാട് കണ്ടു തിരക്കിയപ്പോഴാണ് ആത്മഹത്യാശ്രമത്തെപ്പറ്റി അറിഞ്ഞത്.
മലയാളിയായ ഭർത്താവ് പി.ആർ.വെങ്കട്ടരാമനെതിരെ സുചന ഗാർഹിക പീഡന പരാതി കൊടുത്തിരുന്നു. വിവാഹമോചന കേസിന്റെ വിചാരണയ്ക്കിടെ കഴിഞ്ഞവർഷം ഓഗസ്റ്റിലാണു ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കുട്ടിയെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നെന്നായിരുന്നു കേസ്. ഒരു കോടിയിലധികം രൂപ വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ പ്രതിമാസം 2.5 ലക്ഷം രൂപ ജീവനാംശം കൊടുക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾക്കിടെ ഭർത്താവിനോടുള്ള പ്രതികാരമായാണു കുട്ടിയെ ഇല്ലാതാക്കിയതെന്നു കരുതുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
തനിക്കെതിരായുള്ള സുചനയുടെ ആരോപണങ്ങൾ വെങ്കട്ടരാമൻ നിഷേധിച്ചു. വീട്ടിൽ വരുന്നതിനും സുചനയുമായും കുട്ടിയുമായും സംസാരിക്കുന്നതിനും വിലക്കുണ്ട്. സുചന താമസിച്ച ഹോട്ടലിലെ മുറിയിൽനിന്നു ചുമയ്ക്കുള്ള സിറപ്പുകൾ കണ്ടെത്തി. ഉയർന്ന ഡോസിൽ കുട്ടിക്ക് കഫ് സിറപ്പ് നൽകി മയക്കി കിടത്തിയശേഷം തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചെന്നാണു സംശയം. മുൻകൂട്ടി ആസൂത്രണം ചെയ്താണു കൊലപാതകമെന്നും നിഗമനമുണ്ട്. മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണു സുചന പിടിയിലായത്.