ആലപ്പുഴ മാന്നാർ ശ്രീകല കൊലപാതക കേസിൽ നിർണായക മൊഴിവിവരങ്ങൾ പോലീസിനു ലഭിച്ചു. കൊല്ലപ്പെട്ട ശ്രീകലയുടെ ഭർത്താവ് അനിലിന്റെ ബന്ധുവും നേരത്തേ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആളുമായിരുന്ന സുരേഷിൻറെ മൊഴിയാണ് പോലീസ് അന്വേഷണത്തിലിപ്പോൾ വഴിത്തിരിവായിരിക്കുന്നത്. കേസിലെ പരാതിക്കാരനും സുരേഷാണ്.
2009ൽ അനിൽ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിൽ താനും സുഹൃത്തുക്കളുമെത്തിയെന്നും അപ്പോൾ പാർക്ക് ചെയ്തിരുന്ന കാറിൽ ശ്രീകലയുടെ മൃതദേഹം കണ്ടുവെന്നുമാണ് സുരേഷ് പോലീസുദ്യോഗസ്ഥരോട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സുരേഷിനെ നേരത്തേ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നുവെങ്കിലും വിശദമായ അന്വേഷണത്തിൽ കൃത്യത്തിൽ ഇയാൾക്ക് പങ്കില്ലെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് പറയുന്നു.
സുരേഷിന്റെ മൊഴിയനുസരിച്ച്, അന്ന് പെരുമ്പുഴ പാലത്തിൽ എത്തിയ തന്നോടും മറ്റു സുഹൃത്തുക്കളോടും
അനിൽ തന്റെ ഭാര്യയായ കല കൊല്ലപ്പെട്ടതായും മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നും വ്യക്തമാക്കുകയായിരുന്നു. കൂടാതെ മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നും അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ ഇത്തരമൊരു കൃത്യത്തിനു കൂട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുരേഷ് സ്ഥലത്തുനിന്നും ഉടൻ മടങ്ങുകയായിരുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് കലയുടെ മൃതദേഹം ആരുമറിയാതെ മറവു ചെയ്യുകയുമായിരുന്നുവെന്നും കൊലപാതക വിവരം പുറത്തു പറയാതിരുന്നത് അനിലിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും സുരേഷ് പറയുന്നു.
അതേസമയം കേസിലെ പുരോഗതിയും മൊഴിവിവരങ്ങളും പൂർണമായും നിഷേധിക്കുന്നതാണ് അനിലിന്റെ പിതാവ് തങ്കച്ചന്റെ പ്രതികരണം. പുറത്തുവരുന്ന വിവരങ്ങൾ ഒന്നും തന്നെ തനിക്കറിയില്ല. കൊല്ലപ്പെട്ട കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഈ സമയം അനിൽ വിദേശത്തായിരുന്നുവെന്നും തങ്കച്ചൻ പറയുന്നു. പിന്നീട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കല കല തിരിച്ചു വന്നില്ല. കല പോയ ശേഷം ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിലെത്തിയത്. അനിൽ കൊലപാതകം നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.