ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനോടനുബന്ധിച്ച് ജില്ലാ സംസ്ഥാന തലങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും വെബിനാറുകളും സാമൂഹിക മാധ്യമ ചര്‍ച്ചകളും നടത്തും. ചുവര്‍ചിത്ര സന്ദേശങ്ങളും, ബോര്‍ഡുകളും പോസ്റ്ററുകളൂം, റെയില്‍വേ സ്‌റ്റേഷന്‍, ബസുകള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ കൂടി പരസ്യ പ്രചാരണവും നടത്തും. ഇടം ലോഗോ പ്രകാശനവും, ബോധവല്‍ക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്യും.