Spread the love

മാനന്തവാടി∙ കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്‌ക്കാനുള്ള ശ്രമത്തിനിടെ ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങി. നിലവിൽ കർണാടക വനത്തിലെ നാഗർഹോളയിലാണ് ആന. വനാതിർത്തിയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയാണിത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. ആന കൂടുതൽ ആക്രമണകാരിയായി ഉൾവനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

ശനിയാഴ്ച വനപാലക സംഘം ബേലൂർ മഖ്നയുടെ പിന്നാലെ നടന്നെങ്കിലും മയക്കുവെടിവയ്ക്കാൻ സാധിച്ചിരുന്നില്ല. ദൗത്യത്തിലുണ്ടായിരുന്ന കുങ്കിയാനകളിലൊന്നിനെ ബേലൂർ മഖ്ന ആക്രമിക്കാനും ശ്രമിച്ചിരുന്നു. നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂർ നോർത്ത്, സൗത്ത് മണ്ണാർക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘങ്ങൾ അടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാരാണ് എട്ടു ദിവസമായി ആനയെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്.

മുത്തങ്ങ ആനപ്പന്തിയിൽനിന്ന് എത്തിച്ച 4 കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. മുൻപ് ഒരുവട്ടം മയക്കുവെടി വച്ച് പിടികൂടിയതിനാൽ കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കി മോഴയാന ഉൾവനത്തിലേക്ക് പിൻവാങ്ങുന്നതും ദൗത്യസംഘത്തിനു തലവേദന ഉണ്ടാക്കുന്നുണ്ട്.

Leave a Reply