Spread the love

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘര്‍ഷം. ബിജെ പി, കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളില്‍ ആകെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു സി പി എം പ്രവര്‍ത്തകനും ഒരു ബി ജെ പി പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. കൂച്ച്ബീഹാറില്‍ പോളിംഗ് ബൂത്തില്‍ ആക്രമണമുണ്ടായി. അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. മാള്‍ഡയിലെ മണിക്ക് ചെക്കില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന് പരിക്കേറ്റു.

ആക്രമണങ്ങള്‍ തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ബംഗാളില്‍ പോളിംഗ് ബൂത്തുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് സി വി ആനന്ദ ബോസെത്തിയത്. സി പി എം പ്രവര്‍ത്തകര്‍ ഗവര്‍ണറെ നേരില്‍ കണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അറിയിച്ചു. സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളില്‍ ജൂണ്‍ 8 മുതല്‍ ഇതുവരെ 24 പേരാണ് മരിച്ചത്. 822 കമ്പനി അര്‍ധസൈനികരെയാണ് തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചത്.

Leave a Reply