ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിൽ അഞ്ചുമാസത്തിനിടെ 570 അപകടങ്ങളിലായി ജീവൻ നഷ്‍ടമായത് 55 പേർക്കെന്ന് റിപ്പോര്‍ട്ട്. അപകടങ്ങളില്‍ 52 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും 279 പേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇടിച്ചാണ് പല അപകടങ്ങളും. കാറുകളുടെ ചക്രം പൊട്ടിയും അപകടമുണ്ടായി. ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നതും അപകടത്തിന് കാരണമാകുന്നു. 570 അപകടങ്ങളിൽ 52 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 279 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകള്‍.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്‌സ്പ്രസ് വേയിൽ ഉയർന്ന അപകടങ്ങൾ യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നു. ഈ സമ്പൂർണഎക്‌സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെയുള്ള നിരവധി നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. അതേസമയം എക്‌സ്പ്രസ് വേയിലെ ഏതാനും സ്ഥലങ്ങളിൽ ഗ്രാമവാസികൾ മതിലുകളും മറ്റും പൊളിച്ചതും റോഡിൽ മൃഗങ്ങളുടെ സാന്നിധ്യത്തിന് കാരണമായി. തിരക്കേറിയ എക്‌സ്പ്രസ്‌വേയിൽ തെറ്റായ വഴിയിൽ വരുന്ന ചില ഭാരവാഹനങ്ങളും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
അടുത്തിടെ, മൈസൂരു – കുടക് എംപി പ്രതാപ് സിംഹ, അതിവേഗ പാതയിലെ വേലികൾ നശിപ്പിക്കരുതെന്ന് ഗ്രാമവാസികളോട് അഭ്യർത്ഥിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൂർണ്ണ ആക്സസ് നിയന്ത്രിത ഹൈവേയാണ് ബെംഗളൂരു – മൈസൂരു അതിവേഗ പാതയെന്നും അതിനാലാണ് റോഡിന്റെ ഇരുവശങ്ങളിലും ഫെൻസിംഗുകൾ ഉള്ളതെന്നും എംപി വ്യക്തമാക്കുന്നു. ബെംഗളൂരു, മാണ്ഡ്യ, രാമനഗര, മൈസൂരു എന്നിവിടങ്ങളിലെ ജനങ്ങളോട് വേലി തടസ്സപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും വേലിയുടെ തകർന്ന ഭാഗത്തിലൂടെ ഏതെങ്കിലും മൃഗം എക്സ്പ്രസ് വേയിൽ കയറിയാൽ, അത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം എന്നും എംപി പറയുന്നു. അതേസമയം എക്സ്പ്രസ് വേയില്‍ മിക്കവാഹനങ്ങളും 120 കിലോമീറ്ററില്‍ അധികം വേഗത്തിലാണ് സഞ്ചരിക്കുന്നത്. വേഗനിയന്ത്രണം കർശനമാക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി നടപടിസ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ഏകദേശം 8,480 കോടി രൂപ ചെലവിലാണ് 10 വരികളും 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതോടെ ബംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറിൽ നിന്ന് ഇപ്പോൾ 75 മിനിറ്റായി കുറഞ്ഞു. ഈ എക്‌സ്‌പ്രസ് വേ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നു. ഇതിന് നാല് റെയിൽ മേൽപ്പാലങ്ങൾ, ഒമ്പത് വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അടിപ്പാതകളും മേൽപ്പാലങ്ങളും ഉണ്ട്. ആകെ നീളത്തിൽ 52 കിലോമീറ്ററും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അഞ്ച് ബൈപാസുകളടങ്ങുന്ന ഗ്രീൻഫീൽഡാണ്.
എക്‌സ്പ്രസ് വേയിൽ ആറ് വരിപ്പാതകളും ഇരുവശങ്ങളിലും അധിക രണ്ട് വരി സർവീസ് റോഡുകളുമുണ്ട്. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ഭാരത്‌മാല പരിയോജനയുടെ (ബിഎംപി) ഭാഗമായി നിർമിച്ച 118 കിലോമീറ്റർ ബാംഗ്ലൂർ-മൈസൂർ എക്സ്പ്രസ് ഹൈവേ 2023 മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്‍തത്. “എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു, റോഡപകടങ്ങള്‍ കുറയ്ക്കാൻ ഞങ്ങള്‍ക്ക് കഴിയില്ല..” തുറന്നടിച്ച് ഗഡ്‍കരി!