Spread the love
ചികിത്സാരംഗത്ത് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണ ജോര്‍ജ്ജ്

ചികിത്സാരംഗത്ത് സാങ്കേതികവിദ്യകളെക്കൂടി ഉപയോഗപ്പെടുത്തി മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ബീച്ച് ആശുപത്രിയില്‍ നവീകരിച്ച വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വകുപ്പിന്റെയും സര്‍ക്കാരിന്റെയും എല്ലാവിധ സഹായങ്ങള്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് മുഖേന നവീകരിച്ച ശിശുരോഗ തീവ്രപരിചരണ വിഭാഗം, ഒ.പി.ഡി ട്രാന്‍സ്ഫര്‍മേഷന്‍ ബ്ലോക്ക്, വൃദ്ധപരിചരണ വാര്‍ഡ് തുടങ്ങിയവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. എന്‍.എച്ച്.എം ഫണ്ടിന് പുറമെ റോട്ടറി ക്ലബ്, പോളിക്യാബ് തുടങ്ങിയ ഏജന്‍സികളുടെ സഹകരണത്തോടെയാണ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ശിശുരോഗ തീവ്രപരിചരണ ഐസിയുവിലേക്ക് റോട്ടറി ക്ലബും പോളിക്യാബും സംയുക്തമായി 25 ലക്ഷം രൂപ വിലമതിക്കുന്ന അനുബന്ധ ഉപകരണങ്ങള്‍ സംഭാവനയായി നല്‍കി.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂക്ക് സ്വാഗതം പറഞ്ഞു. ഡോ. എ നവീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു, റോട്ടറി ക്ലബ് പ്രതിനിധി അനൂസ് രാജ് ഗോപാല്‍, പോളിക്യാബ് പ്രതിനിധി സെബാസ്റ്റ്യന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply