Spread the love

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ തുറക്കും; സ്‌ളോട്ടുകള്‍ ആപ്പ് മുഖേന ബുക്ക് ചെയ്യണം

തിരുവനന്തപുരം: ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ആപ്പ് മുഖേന സ്‌ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം. ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, മദ്യശാലകൾക്ക് മുന്നില്‍ ആള്‍ക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍. ടി.പി.ആര്‍. 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. ടി.പി.ആര്‍. നിരക്ക് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളടത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍. 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളടത്ത് ഭാഗിക ലോക്ഡൗണും 8ല്‍ താഴെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനവും അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. ഇവിടങ്ങളില്‍ ജീവനക്കാര്‍ 50 ശതമാനമേ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ട് 17 മുതല്‍ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവദിക്കും.

ടി.പി.ആര്‍. 8 മുതല്‍ 20 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റ് കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. 17 മുതല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ട് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും.

ടി.പി.ആര്‍. 20ന് മുകളിലുള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റ് കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ടി.പി.ആര്‍. 30 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും.

Leave a Reply