Spread the love

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്തെ വിദേശ മദ്യശാലകൾ നാളെ തുറക്കില്ല. ബവ്റിജ്സ്, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകൾക്കും ബാറുകളുംൾക്കും നാളെയും അടുത്ത ഞായറാഴ്ചയും അവധിയായിരിക്കും. അതേസമയം, കള്ളുഷാപ്പുകൾ പ്രവർത്തിക്കും. അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും ജനുവരി 30നും കള്ളുഷാപ്പുകൾ പ്രവർത്തിക്കാം. രാവിലെ 9 മണി മുതൽ രാത്രി 7 വരെയാണു സമയം.

ഞായറാഴ്ച ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി നിലവിൽ വരും. അത്യാവശ്യയാത്രകൾ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതണം. ഇല്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തിൽപെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതൽ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുൾപ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങൾ, ടെലികോം–ഇന്റർനെറ്റ് കമ്പനികൾ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. തുറന്ന് പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കരുതണം.

പഴം, പച്ചക്കറി, പലചരക്ക്, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 9 വരെ തുറക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സീനെടുക്കാൻ പോകുന്നവർ, പരീക്ഷകളുള്ള വിദ്യാർഥികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവർ, മുൻകൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവർ ഇവർക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കിൽ യാത്ര അനുവദിക്കും.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകൾ 20 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങൾക്കും തടസമില്ല. അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം. ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകൾ, ആശുപത്രികൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെഎസ്ആർടിസി സർവീസ് നടത്തും.

Leave a Reply