Spread the love

അപരിചിതരുടെ ഫേസ് ബുക്ക് അക്കൌണ്ടുകളിൽ വരുന്ന സൗഹൃദ അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കുക.

വിദേശീയരായ ഡോക്ടർമാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യിൽ നിന്നും ആകർഷകമായ സമ്മാനങ്ങൾ അയക്കാനെന്ന പേരിൽ നികുതിയും, ഇൻഷുറൻസിനായും വൻതുകകൾ വാങ്ങി സാമൂഹ്യ മാധ്യമങ്ങൾ വഴി തട്ടിപ്പു നടത്തിയിരുന്ന മണിപ്പൂരി സ്വദേശികളായ ഭാര്യയേയും ഭർത്താവിനേയും പിടികൂടി.

തൃശ്ശൂർ സിറ്റിപോലീസ് സൈബർ സംഘം ബാംഗ്ളൂരിലെത്തിയാണ് തട്ടിപ്പുകാരെ വലയിൽ കുടുക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി വൻതുകകൾ തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതായും സൗത്ത് ഇന്ത്യയിലെതന്നെ പ്രധാന തട്ടിപ്പുസംഘത്തെയാണ് പിടികൂടിയിരിക്കുന്നതെന്നും സൈബർ പോലീസ് സംഘത്തെ അഭിനന്ദിച്ചുകൊണ്ട് തെലുങ്കാന പോലീസ് അഭിപ്രായപ്പെട്ടു.

മണിപ്പൂർ സദർഹിൽസ് തയോങ് സ്വദേശി സെർതോ റുഗ്നെയ്ഹുതി കോം (36) ഭർത്താവ് സെർതോഹൃനെയ് തോങ് കോഗ് (35) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ പോലീസ് ബാംഗ്ളൂരിൽ തങ്ങി പത്ത് ദിവസത്തോളം നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിൽ അറസ്റ്റു ചെയ്തത്. ഡൽഹി, ബാംഗ്ളൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പുകൾ ഓപ്പറേറ്റ്ചെയ്തിരുന്നത്. പരാതിക്കാരിയിൽനിന്നുമാത്രം 35 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.

തട്ടിപ്പുസംഘത്തിലെ പ്രധാനി സെർതോറുഗ്നെയ്ഹുയി കോം ആണ്. പാഴ്സൽ കമ്പനിയിൽ നിന്നാണെന്നും, സമ്മാനം അയച്ച് തരുവാനുള്ള നടപടികൾക്കാണെന്നും പറഞ്ഞ് വൻ തുകകൾ വിവിധ അക്കൌണ്ടിലേക്കായി അയപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്. പണം കൈപ്പറ്റിയതിനുശേഷം, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധമാണെന്നും, സംഭവം റിസർവ്വ് ബാങ്കിനേയും പോലീസിനേയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപെടുത്തി കൂടുതൽ തുക ആവശ്യപ്പെടും. അതും കൈപറ്റിയാൽ താമസവും കോൺടാക്റ്റ് നമ്പരും മാറും. ഇതായിരുന്നു തട്ടിപ്പുരീതി.

തൃശ്ശൂർ സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ. അഷറഫ്, സബ് ഇൻസ്പെക്ടർ നൈറ്റ്, എ.എസ്.െഎ. സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ്ണ, സിവിൽ പോലീസ് ഓഫീസറായ ശ്രീകുമാർ.കെ.കെ, അനൂപ്.വി.ബി, ശരത്ത്, അനീഷ്.കെ, വിഷ്ണുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി മൊബൈൽഫോണുകൾ, സിംകാർഡുകൾ, ചെക്ക്ബുക്കുകൾ, എ.ടി.എം കാർഡുകൾ എന്നിവ ഇവരിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.

Leave a Reply