സ്വർണം പണയം വയ്ക്കുന്നവർ ശ്രദ്ധിക്കുക; പഴയതുപോലെ പുതുക്കി വയ്ക്കൽ ഇനി സാദ്ധ്യമല്ല
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണപ്പണയ വായ്പയില്‍ റിസര്‍വ് ബാങ്ക് പിടിമുറുക്കുന്നു. 90 ദിവസം കഴിഞ്ഞ സ്വര്‍ണപ്പണയ വായ്പ പുതുക്കി നല്‍കരുതെന്ന നിര്‍ദേശം കര്‍ശനമാക്കി. നിശ്ചിതദിവസം കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കില്‍ വായ്പക്കാരനെ കുടിശികക്കാരനാക്കി കണക്കാക്കും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്കെതിരെ നടപടിയും സ്വീകരിക്കും.
അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചെടുക്കുന്ന വായ്പ 90 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ പലിശയടച്ച് പുതുക്കിവയ്ക്കാന്‍ കഴിയുമായിരുന്നു. ഈ സൗകര്യത്തിനാണ് റിസര്‍വ് ബാങ്ക് പൂട്ടിട്ടത്. ജൂലായ് ഒന്നു മുതല്‍ 90 ദിവസത്തിന് ശേഷം പണയം പുതുക്കിവയ്ക്കുന്നത് വിലക്കി.
വായ്പാകാലവധി കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കില്‍ നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ) കണക്കാക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 91 ദിവസമായാല്‍ സ്വന്തം പേരില്‍ പുതുക്കാനാവില്ല. മുഴുവന്‍ തുകയും പലിശയും അടച്ച് പണയം തിരിച്ചെടുക്കുകയാണ് പോംവഴി. അടച്ചില്ലെങ്കില്‍ പണയസ്വര്‍ണം ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നടപടി സ്വീകരിക്കാം.
കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം നിരവധി പേര്‍ക്ക് കാലവധിക്കകം വായ്പത്തുകയോ പലിശയോ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കുകളില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും വിവരം അറിഞ്ഞത്. സ്വന്തം പേരില്‍ പുതുക്കാന്‍ കഴിയാതെ വന്നതോടെ വായ്പത്തുക നല്‍കി ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയാണ് പണയ സ്വര്‍ണം നഷ്‌ടപ്പെടുന്നത് ഒഴിവാക്കിയത്.
നിര്‍ദേശം ഇങ്ങനെ
- 90 ദിവസം കഴിഞ്ഞ സ്വര്‍ണപ്പണയ വായ്പ പുതുക്കി നല്‍കരുത്
- തുടര്‍ച്ചയായി 90 ദിവസം കുടിശിക വന്നാല്‍ കിട്ടാക്കടം (എന്‍.പി.എ) ആയി കണക്കാക്കും
- 91 ദിവസം കഴിഞ്ഞാല്‍ സ്വന്തം പേരില്‍ പുതുക്കാനാവില്ല
ഭാവിയില്‍ കെണിയാകും
നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ) മാറിയാല്‍ പണയം വച്ചവരെ കുടിശികക്കാരായി കണക്കാക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നതിനാല്‍ ഭാവിയില്‍ വായ്പകള്‍ക്കും മറ്റും ആശ്രയിക്കേണ്ടി വരുമ്ബോള്‍ വിനയാകുമെന്നാണ് ആശങ്ക. അത്യാവശ്യങ്ങള്‍ക്കായി ചെറിയ തുകയ്ക്ക് ആശ്രയിക്കുന്ന സ്വര്‍ണപ്പണയ വായ്പകള്‍ക്കുള്ള നിബന്ധന കെണിയായി മാറുമെന്ന് സഹകാരികള്‍ പറയുന്നു.
നാല് ബാങ്കുകള്‍ക്ക് പിഴ
വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാത്തതിന് സംസ്ഥാനത്തെ നാലു ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് പിഴ ഈടാക്കി. മുമ്ബ് നിലവിലുള്ള വ്യവസ്ഥയാണെങ്കിലും ജൂലായ് ഒന്നു മുതലാണ് കര്‍ശനമാക്കിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസാണ് ഇതുസംബന്ധിച്ച ഉത്തരവ് ബാങ്കുകള്‍ക്ക് നല്‍കിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിബന്ധന ബാധകമാക്കിയിട്ടില്ല.