ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി. ഹൈബ്രിഡ് കഞ്ചാവ് കേസിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ കേസിൽ എക്സൈസ് ഇതുവരെയും ശ്രീനാഥ് ഭാസിയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് നടന്റെ നീക്കം.
ആലപ്പുഴയിൽ തസ്ലീമ സുൽത്താൻ എന്ന യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കസ്റ്റമേഴ്സാണെന്ന് തസ്ലീമ മൊഴി നൽകി. ഇത് സാധൂകരിക്കുന്ന പണമിടപാട് രേഖകളും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ് ഭയന്ന് ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ കേസിൽ പ്രതി ചേർക്കുക പോലും ചെയ്തിട്ടില്ലെന്ന് അറിഞ്ഞതോടെ ഹർജി പിൻവലിക്കുകയായിരുന്നു നടൻ.