ലോകത്തിന് മുന്നിൽ തന്നെ ഇന്ത്യ എന്ന രാജ്യത്തെയും സിനിമ വ്യവസായത്തെയും ഉയർത്തിപ്പിടിക്കുന്നതിൽ വലിയ പങ്കാണ് രാജ്യത്ത് ഇന്ന് മലയാള സിനിമ വഹിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമേയം കൊണ്ടും ആഖ്യാന ഭാഷ കൊണ്ടും ലോകോത്തര സിനിമകൾക്കൊപ്പവും പ്രസിദ്ധ ചലച്ചിത്ര മേളകളിലും മറ്റും നിരൂപക പ്രശംസയും അംഗീകാരവും നേടുന്ന സവിശേഷ സാഹചര്യം കൂടിയുണ്ട് മലയാളത്തിന് പെരുമ പറയാൻ. മലയാളത്തിന് പലതരം നേട്ടങ്ങൾ എണ്ണി പറയാനുള്ള സുവർണ്ണ കാലഘട്ടം കൂടിയായിരുന്നു 2024.
ഇത്തരത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന ഖ്യാതി നേടിയ ഹിറ്റ് മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇപ്പോൾ വലിയ ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.ഹോളിവുഡ്, ജാപ്പനീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളോട് കിടപിടിച്ചാണ് ഭ്രമയുഗം പുത്തൻ നേട്ടം കൊയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2024ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റിൽ ആണ് ഭ്രമയുഗം ഇടംപിടിച്ചിരിക്കുന്നത്. എന്റർടെയ്ൻമെന്റ് സൈറ്റായ ലെറ്റർബോക്‌സ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പത്ത് ഹൊറർ സിനിമകളിൽ രണ്ടാം സ്ഥാനമാണ് ഭ്രമയുഗത്തിന്.