ആലങ്ങാട് : തിരുവാലൂർ മേഖലയിൽ സൈക്കിൾ മോഷ്ടാക്കൾ വിലസുന്നു. ഒരാഴ്ചയ്ക്കിടെ 7 സൈക്കിളുകൾ മോഷണം പോയി. തിരുവാലൂർ കുണ്ടേലി സ്വദേശി സന്തോഷിന്റെ സൈക്കിളാണ് ഏറ്റവും ഒടുവിലായി നഷ്ടപ്പെട്ടത്. കവലയ്ക്കു സമീപം സൈക്കിൾ വച്ച ശേഷം തൊട്ടടുത്തുള്ള കടയിൽ ചായ കുടിക്കാൻ പോയി തിരികെ വന്നപ്പോഴാണു സൈക്കിൾ കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ലഭിച്ചില്ല. റോഡരികിൽ വച്ചിട്ടുള്ള സൈക്കിളുകളാണു മോഷ്ടിക്കപ്പെടുന്നതിലേറെ. വീടുകളിൽ വച്ചിട്ടുള്ളവയും കാണാതായിട്ടുണ്ട്. നഷ്ടപ്പെട്ടവയിൽ ഒരെണ്ണം പെയിന്റ് മാറ്റി ഉപയോഗിക്കുന്ന നിലയിൽ പിന്നീടു മാളികംപീടിക ഭാഗത്തു നിന്നു കണ്ടെത്തി. പൂട്ടി വച്ച സൈക്കിളുകളാണ് മോഷണം പോയിരിക്കുന്നത്.
സൈക്കിളുകൾ മോഷ്ടിച്ചു ദൂരെ ഭാഗങ്ങളിലേക്കു കൊണ്ടുപോയി വിൽപന നടത്തുന്ന സംഘമാണു മോഷണത്തിനു പിന്നില്ലെന്നാണു സൂചന. കൂടാതെ ലഹരി വാങ്ങാനായി പണം കിട്ടാതെ മോഷണത്തിനിറങ്ങുന്നവരും കൂട്ടത്തിലുണ്ടെന്നാണു സൂചന. മോഷ്ടിക്കുന്ന സൈക്കിൾ അതിഥിത്തൊഴിലാളികൾക്കു കുറഞ്ഞ വിലയിൽ വിൽക്കുന്ന സംഘം സമീപ പ്രദേശങ്ങളിൽ മുൻപു സജീവമായിരുന്നു. അതിനാൽ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സൈക്കിൾ നഷ്ടപ്പെടാൻ തുടങ്ങിയതോടെ സമീപത്തെ സ്കൂളുകളിലേക്കു സൈക്കിളിൽ വരുന്ന വിദ്യാർഥികളും നാട്ടുകാരും ആശങ്കയിലാണ്. ഇത്രയേറെ സൈക്കിളുകൾ മോഷണം പോയിട്ടും തിരിഞ്ഞു നോക്കാത്ത പൊലീസ് നടപടിയിൽ നാട്ടുകാർ അസംതൃപ്തരാണ്. തിരുവാലൂർ മേഖല കേന്ദ്രീകരിച്ചു പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും സൈക്കിൾ മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.