Spread the love

ന്യൂഡൽഹി ∙ അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ രാജ്യാന്തര നാണ്യനിധിയുടെയും (ഐഎംഎഫ്) ലോകബാങ്കിന്റെയും പരിഷ്കാരങ്ങൾക്കായി നിലകൊള്ളുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

വികസ്വര രാജ്യങ്ങളെ കൂടുതൽ നന്നായി സേവിക്കുന്നതിനായി ഈ രണ്ടു സ്ഥാപനങ്ങളും ഇനിയും മാറണമെന്നാണു നിലപാടെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ‘നിയന്ത്രിതവും സുസ്ഥിരമല്ലാത്തതുമായ’ വായ്പകളിലൂടെ ചൈന ഇടപെടുന്നതിനു മികച്ച ബദലായി ലോകബാങ്കിനെയും ഐഎംഎഫിനെയും മാറ്റേണ്ടത് ആവശ്യമാണെന്നു വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. ജി20 ഉച്ചകോടിയിൽ ബൈഡന്റെ ശ്രദ്ധ ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും ആധുനികവൽക്കരണം ആയിരിക്കുമെന്നും സള്ളിവൻ ചൂണ്ടിക്കാട്ടി.

‘‘ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ലോകബാങ്കും ഐഎംഎഫും വളരെയേറെ ഫലപ്രദവും സുതാര്യവുമാണ്. ചൈനയുടെ വാഗ്ദാനത്തേക്കാൾ മികച്ചതും പോസിറ്റീവായതും തുറന്നതുമായ സാമ്പത്തിക സഹായങ്ങൾ രാജ്യങ്ങൾക്കു നൽകാൻ ഈ സ്ഥാപനങ്ങൾ തയാറാകണം. രണ്ടു സ്ഥാപനങ്ങളുടെയും വായ്പാശേഷി 200 ബില്യൻ ഡോളർ ഉയർത്താനും ശ്രമിക്കും.’’– സള്ളിവൻ പറഞ്ഞു. ലോകബാങ്കിനെയും ഐഎംഎഫിനെയും പിന്തുണയ്ക്കുന്നതു ചൈനയ്ക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ജി20 യോഗത്തിനുള്ള മുന്നൊരുക്കങ്ങളുമായി ഡൽഹി സജീവമാണ്. ലോകനേതാക്കളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യവും തിരക്കും സുരക്ഷാപ്രശ്നവും കണക്കിലെടുത്ത്, ഉച്ചകോടി നടക്കുന്ന സെപ്റ്റംബർ 8 മുതൽ 10 വരെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ ദിവസങ്ങളിൽ അടച്ചിടുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാൾ പറഞ്ഞു. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.

Leave a Reply