കണ്ണൂർ: പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് സംഘം പിടികൂടിയത്. 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.
മയക്കുമരുന്ന് ബാംഗ്ലൂർ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും എത്തിച്ച് ചെറുകിട മയക്കുമരുന്ന് വിൽപനക്കാർ വഴി തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് പ്രതി. പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയും എക്‌സൈസ് വാഹനത്തെയും തന്റെ കാർ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് പ്രതി ജംഷിദ് കടന്നു കളയുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദിലീപിന്റെയും നേതൃത്വത്തിൽ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വഡിലെ അംഗങ്ങളായ തളിപറമ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ്, സിവിൽ എക്‌സൈസ് ഓഫീസർ രജിരാഗ് എന്നിവരുടെ വളരെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഇവ കണ്ടെത്താനായത്.