Spread the love
എണ്ണ വിലയിൽ വൻ കുതിപ്പ്: ബാരലിന് 130 ഡോളർ കവിഞ്ഞു; 13 വർഷത്തിലെ ഉയർന്ന വില

രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്താൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. ആണവ കരാർ ചർച്ച പൂർത്തീകരിച്ചു ഇറാൻ എണ്ണ വിപണിയിൽ ലഭ്യമാകുമെന്ന പ്രതീക്ഷ തകർന്നതും വില ഉയരാൻ വഴിയൊരുക്കി. അതേ സമയം ഇന്ത്യയിൽ ഇന്ധനവില ഉയരാൻ സാധ്യതയുണ്ട്. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവിൽ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ എണ്ണയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സർക്കാറാന്റെ പരിഗണനയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നികുതി കുറച്ച് സർക്കാർ എണ്ണവില കുറച്ചത്. യുപിയിലെ ഏഴാം ഘട്ടവോട്ടെടുപ്പോടെ അഞ്ചുസംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകും. ഇതോടെ ഇന്ധനവില വീണ്ടും കമ്പനികൾ കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Reply