അഞ്ചൽ∙ ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ വലിച്ചുകയറ്റി പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം സുഹൃത്തും തീകൊളുത്തി ജീവനൊടുക്കി. സംഭവത്തിനു പിന്നിൽ സാമ്പത്തിക ഇടപാടും. തടിക്കാട് പൂവണത്തും മൂട്ടിൽ വീട്ടിൽ ഉദയകുമാറിന്റെ ഭാര്യ സിബി മോൾ (37), തടിക്കാട് പാങ്ങലിൽ വീട്ടിൽ ബിജു (47) എന്നിവരാണ് സിബിയുടെ വീട്ടിലെ കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചത്. സിബിയെ പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബിജുവുമായി സിബി ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ഇടക്കാലത്ത് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിണങ്ങി. പൊലീസിൽ പരാതിയും ഉണ്ടായിരുന്നു. ബിജുവുമായുള്ള സൗഹൃദത്തിൽ എതിർപ്പ് ഉണ്ടായിരുന്നതിനാൽ ഉദയകുമാറിന്റെ ബന്ധുക്കൾ പലരും ഈ കുടുംബവുമായി അടുപ്പമില്ല.
രണ്ടു പേരുടെയും മൃതദേഹങ്ങൾ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നു പുറത്ത് എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തും. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഈ സമയം വേലക്കാരി മാത്രമാണ് വീടിന് ഉള്ളിൽ ഉണ്ടായിരുന്നത്. മക്കൾ 13 വയസ്സുകാരായ ഇരട്ടക്കുട്ടികൾ വീടിനു പുറത്തു നിൽക്കുകയായിരുന്നു.
ബിജുവും സിബിമോളുമായി വഴക്ക് ഉണ്ടാകുന്നത് കേട്ട് വീട്ടുവേലക്കാരി എത്തിയപ്പോഴേക്കും ബിജു, സിബിയെ ബലം പ്രയോഗിച്ചു മുറിയിൽ അടച്ച് പെട്രോൾ ഒഴിച്ചു കത്തിക്കുക ആയിരുന്നുവെന്നു പൊലീസ് അറിയിച്ചു. മുറിയുടെ ജനാലച്ചില്ല് പൊട്ടിച്ചു സിബിയെ രക്ഷിക്കാൻ ശ്രമിച്ച മകന്റെ കൈക്ക് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിബിയുടെ ഭർത്താവ് ഉദയകുമാർ വിദേശത്താണ്. രണ്ടുമാസം മുൻപാണു വന്നു പോയത്.