
ആംസ്റ്റർഡാമിലെ സെമിനാറിൽ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്നും ഫണ്ട് ചെലവാക്കുന്നത് കെ എസ് ആർ ടി സിയല്ലെന്നും വിദേശ യാത്രാ വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. നെതർലാൻസിലെ ആംസ്റ്റർഡാമിൽ മേയ് 11, 12 തീയതികളിൽ നടക്കുന്ന അഞ്ചാമത് ഇന്റർനാഷണൽ കോൺഫറൻസായ ക്ലീൻ ബസ്സ് ഇൻ യൂറോപ്പിൽ പങ്കെടുക്കാൻ ബിജു പ്രഭാകറിന് അനുമതി ലഭിച്ചത് വിവാദമായതോടെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്. സാധാരണ ഡെലിഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്എന്നത് പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക് ഡിസ്കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നൽകിയാൽ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോൾ ഗതാഗത/നഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് സംസ്ഥാന സർക്കാർ കോൺഫറൻസിൽ പങ്കെടുക്കാൻ ബിജു പ്രഭാകറിന് അനുവാദം നൽകിയത്. ഗതാഗത വകുപ്പ് സെക്രട്ടറിക്ക് പുറമെ, നഗരകാര്യ സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും നിലവിൽ താൻ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.