Spread the love
വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ

കൊളത്തൂർ: മോഷ്ടിച്ച ബൈക്കുമായി എത്തിയ യുവാവിനെ വാഹന പരിശോധനക്കിടെ കൊളത്തൂർ പൊലീസ് പിടികൂടി. ഇരിമ്പിളിയം ഇല്ലത്തുപറമ്പിൽ വിനോദ് കുമാർ (26) ആണ് അറസ്റ്റിലായത്. മൂർക്കനാട് മിൽമ പ്ലാന്റിലെ ഡ്രൈവർ കോഡൂർ ഉമ്മത്തൂർ സ്വദേശി അജീഷിന്റെ ബൈക്ക് 15ന് ചട്ടിപ്പറമ്പ് കെഎസ്ഇബി ഓഫീസിന് സമീപത്തുനിന്ന് മോഷണം പോയിരുന്നു.

പുലർച്ചെ ഉമ്മത്തൂരിലെ വീട്ടിൽ നിന്ന് ബൈക്കിൽ എത്തി കെഎസ്ഇബി ഓഫീസിന് സമീപം നിർത്തി ജോലിക്ക് പോകാറുള്ള ആളാണ് അജീഷ്.15 ന് ജോലി കഴിഞ്ഞ് എത്തി വാഹനം നോക്കിയ പ്പോൾ കണ്ടില്ല. പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചങ്കിലും വാഹനം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കൊളത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വ്യാഴം ഉച്ചയോടെ വെങ്ങാട് വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന വാഹനം സംശയം തോന്നി വിശദമായി പരിശോധന നടത്തിയപ്പോഴാണ് ചട്ടിപ്പറമ്പിൽ നിന്ന് മോഷണംപോയ ബൈക്കാണ് എന്ന് മനസ്സിലായത്. പിടിയിലായ വിനോദ് കുമാറിന്റെ പേരിൽ വളാഞ്ചേരി, കുറ്റിപ്പുറം, പൊന്നാനി സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളുണ്ട്. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

കൊളത്തൂർ ഇൻസ്പെക്ടർ സജിത്ത്, എസ്ഐ ഹരിദാസ്, എഎസ്ഐമാരായ അഷ്റഫ്, ശരീഫ്, സിപിഒമാരായ മനോജ് കുമാർ, പ്രവീൺ, സത്താർ, അനസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Leave a Reply