
കോട്ടയം: ഇന്ധന വില വർധനയുടെ പേരിൽ ബസ് യാത്രക്കൂലി കൂട്ടുന്നത് സർക്കാർ, സ്വകാര്യ ബസ് സർവിസുകൾക്ക് തിരിച്ചടിയായേക്കും. ബൈക്ക് യാത്രക്ക് ബസ് യാത്രയെക്കാൾ ചെലവ് കുറഞ്ഞ സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ മാത്രമെ നിരക്കുവർധന ഉപകരിക്കൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിലവിൽ ബസിൽ 2.5 കിലോമീറ്റർ യാത്ര ചെയ്യാൻ എട്ടു രൂപ നൽകണം. ഒരു ലിറ്റർ പെട്രോളിന് 60 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള ബൈക്കിൽ ഇൗ ദൂരം സഞ്ചരിക്കാൻ 4.3 രൂപയെ ചെലവാകൂ. രണ്ടുപേരുണ്ടെങ്കിൽ ഇതിെൻറ പകുതി തുകയിൽ ലക്ഷ്യത്തിലെത്താം. അഞ്ചു കിലോമീറ്റർ പോകാൻ ബസിൽ 10 രൂപ മുടക്കണം. രണ്ടുപേർക്ക് 20 രൂപ ചെലവാകുേമ്പാൾ ബൈക്കിൽ രണ്ടുപേർക്ക് പരമാവധി ഒമ്പതു രൂപ മുടക്കിയാൽ മതിയാകും. ബസ് നിരക്ക് കൂട്ടിയാൽ കൂടുതൽ പേർ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും. സെക്കൻഡ്ഹാൻഡ് ഇരുചക്ര വാഹന വിൽപനയിലുണ്ടായിരിക്കുന്ന വർധന ഈ സൂചനയാണ് നൽകുന്നത്.
സ്വകാര്യ ബസുകളുടെ പ്രവർത്തന ചെലവ് സംബന്ധിച്ച് പഠനം നടത്തുന്ന നാറ്റ്പാക്കിെൻറ 2021 ജൂലൈയിലെ പിസ്കോ സൂചിക പ്രകാരം ഒരു കിലോമീറ്റർ സർവിസ് നടത്താൻ 52.56 രൂപയാണ് ചെലവ്. ഡീസൽ – 27.56 രൂപ, ടയർ, സ്പെയർപാർട്സ് തുടങ്ങിയവ- 4.58 രൂപ, അറ്റകുറ്റപ്പണിക്കുള്ള കൂലി -2.33 രൂപ, ശമ്പളം – 12.84 രൂപ, തേയ്മാനം – 1.41 രൂപ, നികുതികൾ 1.36 രൂപ, പലിശ – 92 പൈസ, ഇൻഷുറൻസ്- 95 പൈസ, മറ്റു ചെലവുകൾ- 56 പൈസ, പ്രവർത്തന മൂലധനം- നാലു പൈസ എന്നിങ്ങനെയാണ് നടത്തിപ്പ് ചെലവ്.
ഇതനുസരിച്ച് മൊത്തം ചെലവിെൻറ 52 ശതമാനം ഡീസലിനാണ്. ഒരു ലിറ്റർ ഡീസലിന് 94.74 രൂപയുണ്ടായിരുന്നപ്പോൾ തയാറാക്കിയ കണക്കാണിത്. 39.90 രൂപ അടിസ്ഥാന വിലയുള്ള ഡീസലിന് 31.80 രൂപ കേന്ദ്ര നികുതിയും 20.12 രൂപ സംസ്ഥാന നികുതിയും 2.59 രൂപ ഡീലർ കമീഷനും 33 പൈസ കടത്തുകൂലിയും ചേരുേമ്പാഴാണ് 94.74 രൂപയിലെത്തുന്നത്.
ഇതിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന ഇന്ധന നികുതിയും വാഹനനികുതിയും ഒഴിവാക്കിയാൽ കിലോമീറ്ററിന് 10.83 രൂപ വീതം പ്രവർത്തന ചെലവ് കുറക്കാനാകും. ഒരു കിലോമീറ്റർ സർവിസ് നടത്താൻ 52.56 രൂപ എന്നത് 41.73 രൂപയായി താഴും. ഇതോടെ കോവിഡ് കാലത്തിനു മുമ്പുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ ലാഭകരമായി ബസ് സർവിസ് നടത്താനാവും. കുറഞ്ഞ ശമ്പളത്തിന് ജോലി െചയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്കും ഇത് ആശ്വാസം നൽകും.