Spread the love

സുപ്രസിദ്ധ ഹോളിവുഡ് ചിത്രം ഫോർ ബ്രദേഴ്സിനെ ആധാരമാക്കി 2005ൽ അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ബിഗ്ബി. അവതരണത്തിലെ പുതുമ കൊണ്ടും അന്നുവരെ മലയാളികൾ ശീലിച്ച സിനിമാനുഭവത്തിൽ നിന്നും അത്യന്തം മാറിയുള്ള സൃഷ്ടിയായതുകൊണ്ടും ബിലാൽ അന്ന് തിയേറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിൽ പോലും 2024ൽ പോലും ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ സിനിമയെ പ്രേക്ഷകർഏറ്റെടുക്കുകയായിരുന്നു.

ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി വേണം എന്നുള്ളത് വർഷങ്ങളായുള്ള സിനിമ പ്രേമികളുടെ ആഗ്രഹമാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എന്നൊരു ചിത്രം വരുമെന്ന് വർഷങ്ങൾക്കു മുൻപ് അമൽ നീരദും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നെ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ സംവിധായകനിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ വന്നിരുന്നില്ല. ബിലാലിൽ യൂത്ത് ഹീറോ ദുൽഖർ സൽമാനും അതിഥി വേഷത്തിൽ എത്തുമെന്നും കിംവദന്തികൾ പരന്നിരുന്നെങ്കിലും ഇതിനൊന്നും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

അമൽനീരദ് ബിലാൽ പ്രഖ്യാപിച്ചതിനുശേഷം മമ്മൂക്ക ഏത് പ്രമോഷൻ പരിപാടിയിൽ പങ്കെടുത്താലും ആദ്യം നേരിടുന്ന ചോദ്യം ബിലാലിനെ കുറിച്ചുള്ളതായിരുന്നു. ഇത്തരത്തിൽ മമ്മൂക്കയിൽ നിന്നും സംവിധായകനിൽ നിന്നും കാര്യമായ അപ്ഡേറ്റുകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇപ്പോഴിതാ ബിലാൽ പുറകെ വരുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ബിലാൽ പുറകെ വരുന്നുണ്ടെന്നും സംവിധായകൻ അമൽനീരദ് ഇപ്പോൾ അതിന്റെ പണിപ്പുരയിലാണെന്നുമാണ് ജോസഫ് നെല്ലിക്കൽ പറഞ്ഞത്. ചിത്രത്തിന്റെ വൺ ലൈൻ ത്രഡ് ഒന്നും ആയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയത്.

മുൻപൊരിക്കൽ ബിഗ് ബി എന്ന് വരുമെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി സിനിമ എപ്പോൾ വരണം എന്ന് തീരുമാനിക്കുന്നത് അമൽ നീരദ് ആണെന്നായിരുന്നു. ‘അപ്ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇപ്പോഴിതാ ബിലാലിന്റെ പണിപ്പുരയിലാണ് അമൽ നീരദ് എന്നറിഞ്ഞത്തിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ.

Leave a Reply