Spread the love
സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധം

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാനും ഇടപാടുകൾ സുതാര്യമാക്കാനുമാണ് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ നാലു മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പുതിയ രീതി പ്രാബല്യത്തിലാകും.

ബില്ലുകളിൽ വാങ്ങുന്ന വസ്തുവിന്റെ വിശദാംശം, ടാക്‌സ് വിവരങ്ങൾ, ക്യു.ആർ കോഡ് എന്നിവ വേണം. വാനുകളിലും ലോറികളിലും വസ്തുക്കൾക്കും നിയമം ബാധകമാണ്. അനധികൃതവും കണക്കിൽ പെടാത്തതുമായ വസ്തുക്കൾക്ക് ഇതോടെ തടയിടാനാകുമെന്നാണ് അതോറിറ്റിയുടെ കണക്ക് കൂട്ടൽ. അനധികൃത മാർഗങ്ങളിലൂടെ നികുതി വെട്ടിച്ച് കടത്തുന്ന വസ്തുക്കളിൽ ക്യു.ആർ കോഡ് ചേർക്കുന്നതോടെ പിടിക്കപ്പെടുകയും ചെയ്യും. ഡിസംബർ നാലിന് ശേഷം ഇത് പരിശോധിക്കാൻ പ്രത്യേക സംഘമിറങ്ങും. അന്ന് മുതൽ പിഴയീടാക്കും. പേന കൊണ്ടെഴുതുന്ന ബില്ലുകൾക്ക് ഈ തിയ്യതിക്ക് ശേഷം നിയമ സാധുതയുണ്ടാകില്ല. ഇങ്ങനെ കണ്ടെത്തിയാൽ 10,000 റിയാലാണ് പിഴ. ക്യു.ആർ കോഡില്ലാത്ത ബില്ലിന് ആദ്യം അയ്യായിരം റിയാൽ പിഴ ചുമത്തും. നിയമാനുസൃത രീതിയിലേക്ക് മാറുന്നതിനുള്ള മാറ്റത്തിന് വ്യാപാരികൾ സജ്ജമാകണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply