അമ്പലമേട് വ്യവസായ ഹബിൽ ഉള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സ്ഥാപിച്ചിട്ടുള്ള ബയോ മെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങിയതായി ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. ഇവിടെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റും ഉണ്ട്. ദിവസേന 16 ടൺ സംസ്കരിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്.
പ്രമേഹമുള്ളവർ സ്വയം രക്ത പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഗ്ലൂക്കോമീറ്ററിലെ സ്ട്രിപ്പുകളും ചെറു സൂചികളും, ഉപയോഗിച്ച പഞ്ഞി, യൂറിൻ കത്തീറ്ററും ബാഗും, ടിപ്പേറുകൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയ ബയോമെഡിക്കൽ മാലിന്യങ്ങളാണ് ശേഖരിക്കാൻ ഉദ്ദേശിക്കുന്നത്. വീടുകളിൽനിന്നു ശേഖരിക്കുന്ന ബയോ മെഡിക്കൽ മാലിന്യം സുരക്ഷിതമായി വാഹന മാർഗം കൊച്ചിയിൽ എത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നീക്കം പരിശോധിക്കാൻ ജിപിഎസ് ഉൾപ്പെടെയുള്ള സംവിധാനം ആവശ്യമാണ്.
വീടുകളിലും ഫ്ലാറ്റുകളിലും ബയോ മെഡിക്കൽ മാലിന്യങ്ങൾ കത്തിച്ചുകളയുന്ന അവസ്ഥയാണ്. കത്തിയ ചാരം കുഴിച്ചിടുന്നത് വഴി ഭൂഗർഭ ജലത്തെ അതു മലിനമാക്കും. മറ്റു പകർച്ചവ്യാധികൾക്കും ഇതു കാരണമാകുന്നു. ഇവ ശാസ്ത്രീയമായ രീതിയിൽ വേണം സംഭരിക്കാനും സംസ്കരിക്കാനും.