Spread the love

ചെന്നൈ ∙ സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെച്ചൊല്ലി വാക്പോര് രൂക്ഷമാകുന്നു.
ഉദയനിധിയുടെ പരാമർശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ഉദയനിധിക്കു പ്രതിരോധം തീർത്ത ഡിഎംകെ, അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ആരോപിച്ചു. നേതാക്കൾ ഇത്തരം പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഡിഎംകെ കൂടി ഉൾപ്പെട്ട പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നേതാക്കൾ നിലപാടെടുത്തു.

പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നു പറഞ്ഞ ഉദയനിധി, സനാതന ധർമം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് സംസാരിച്ചതെന്നു വിശദീകരിച്ചു. നിയപരമായ ഏതു നടപടിയും നേരിടാൻ തയാറാണന്നു വ്യക്തമാക്കിയ അദ്ദേഹം, പെരിയാറിന്റെയും അംബേദ്കറിന്റെയും രചനകളുമായി ഏതു വേദിയിലും സംവാദത്തിനു തയാറാണെന്നും അവകാശപ്പെട്ടു.
ഡിഎംകെയുടെയും സഖ്യകക്ഷിയായ കോൺഗ്രസിന്റെയും നേതാക്കൾ സനാതന ധർമം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണു ചർച്ച ചെയ്യുന്നതെന്നു കേന്ദ്രമന്ത്രി അമിത് ഷാ ആരോപിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാരെയും തമിഴ് ജനതയെയും അപമാനിക്കാമെന്ന് അധികാരത്തിന്റെയും സമ്പത്തിന്റെയും ബലത്തിൽ ഉദയനിധി വിശ്വസിക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിവുകെട്ടവൻ എന്നതിന്റെ ഉത്തമോദാഹരണമാണ് ഉദയനിധി സ്റ്റാലിനെന്നും അദ്ദേഹം ആരോപിച്ചു.
ഇതു വംശഹത്യയ്ക്കുള്ള ആഹ്വാനത്തിൽ കുറഞ്ഞ ഒന്നല്ലെന്നും ‘സനാതന വിരോധ’ത്തിന്റെ ദീർഘകാല മാതൃകയാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. സനാതന ധർമം ഇല്ലാതാക്കണമെങ്കിൽ എല്ലാ ക്ഷേത്രങ്ങളും ജനങ്ങളുടെ മതപരമായ കാര്യങ്ങളും അവസാനിപ്പിക്കേണ്ടി വരുമെന്നു തമിഴ്‌നാട് ഘടകം ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈ ചൂണ്ടിക്കാട്ടി. എഴുതിത്തയാറാക്കിയാണ് ഉദയനിധി പ്രസംഗിച്ചതെന്നും പരാമർശം ബോധപൂർവമാണെന്നും അണ്ണാമലൈ പറഞ്ഞു.

ഹിന്ദുക്കളെ അധിക്ഷേപിക്കാൻ നേതാക്കൾക്കിടയിൽ മത്സരമാണെന്നും ആയിരം വർഷത്തിലേറെയായി സനാതന ധർമത്തെ ഇല്ലാതാക്കാൻ ശ്രമമുണ്ടെങ്കിലും ആരും വിജയിച്ചില്ലെന്നു കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് പ്രതികരിച്ചു. കഴിഞ്ഞ 9 വർഷമായി മതത്തെ ബിജെപി രാഷ്ട്രീയവൽക്കരിച്ചെന്നും ഉദയനിധി പറഞ്ഞതു തെറ്റാണെങ്കിലും ഈ സാഹചര്യത്തിന്റെ ഉത്തരവാദികൾ ബിജെപിയാണെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു. സാമൂഹിക ഐക്യത്തിൽ വിഷം കലക്കുന്ന പ്രവൃത്തിയാണിതെന്നും രാഷ്ട്രീയ നേതാക്കൾ മതപരമായ പ്രസ്താവനകളിൽനിന്ന് മാറിനിൽക്കണമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മറ്റൊരു മതത്തിനെതിരായ പ്രതികരണങ്ങൾ പാടില്ലെന്നും എഎപി നേതാവ് സ‍ഞ്ജയ് സിങ് പറഞ്ഞു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധിയുടെ പരാമർശങ്ങൾ. പ്രകോപനപരവും അപകീർത്തികരവുമാണു പ്രസ്താവനയെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകി.

Leave a Reply