Spread the love

ന്യൂഡൽഹി∙ 2024ൽ ഭരണപക്ഷത്തെ നേരിടാൻ വിശാല കൂട്ടായ്മയുണ്ടാക്കി പ്രതിപക്ഷം ഒരുങ്ങിയിറങ്ങിയപ്പോൾ, ദക്ഷിണേന്ത്യയിൽ പുതിയ താമര വാടാതിരിക്കാൻ കൈകൊടുത്ത് ബിജെപി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക് അടുക്കുന്നു. ബിജെപിയും ജെഡിഎസും സഖ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ ബെംഗളുരുവില്‍ വ്യക്തമാക്കി.ദേവെഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്. കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ നാലണ്ണം ജെഡിഎസിനു വിട്ടുനല്‍കാനാണു നിലവിലെ ധാരണ. സഖ്യം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം. കര്‍ണാടക പ്രതിപക്ഷ നേതൃപദവിയും ജെഡിഎസിനു വിട്ടുനല്‍കുമെന്നാണു സൂചന. ജെഡിഎസിനെ സഖ്യത്തിലേക്കു കൂട്ടുന്നതിന്റെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു നൂറു ദിവസമായിട്ടും ബിജെപി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല.ജെഡിഎസിന് മാണ്ഡ്യ, ഹാസ്സൻ, ബെംഗളൂരു (റൂറൽ), ചിക്ബെല്ലാപുർ സീറ്റുകളാണ് ബിജെപി വിട്ടുനൽകുകയെന്നാണ് വിവരം. ഇതിൽ മൂന്നെണ്ണത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു. ഹാസനിൽ മാത്രമായിരുന്നു ജെഡിഎസ് ജയിച്ചത്. ദേവെഗൗഡ തുംകൂർ സീറ്റിൽ ബിജെപിയോടു പരാജയപ്പെട്ടിരുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മാണ്ഡ്യയിലും പരാജയപ്പെട്ടിരുന്നു. 2019ൽ ആകെ പോൾ ചെയ്തവയിൽ 10 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ജെഡിഎസ് നേടിയത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 14 ശതമാനത്തിൽ താഴെമാത്രമേ ജെഡിഎസിനു നേടാനായുള്ളൂ.

അതേസമയം, ജെഡിഎസ് ബിജെപിയുടെ ബി ടീമാണെന്ന് നേരത്തെ തെളിയിച്ചതാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

Leave a Reply