കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപി ആർ എസ് പ്രവർത്തകരായ നാലുപേർ കൂടി അറസ്റ്റിലായി . ഗൂഢാലോചന നടത്തിയ നാല് പേരാണ് അറസ്റ്റിലായത്. വിമിൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊമ്മൽ വാർഡ് കൗൺസിലർ ആയ ലിജേഷ് ബി ജെ പി മണ്ഡലം പ്രസിഡന്റ് കൂടിയാണ്.
ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി.
ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി യെന്നാണ് കൊലപാതകം നടന്നതു മുതൽ സി പി എം ആരോപിക്കുന്നത്. എന്നാൽ ആരോപണം തള്ളി ബി ജെ പി നേതൃത്വം രംഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായത് ബി ജെ പി ആർ എസ് എസ് പ്രവർത്തകരായതോടെ നേതൃത്വം വെട്ടിലായി.