മിനി സ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗൗരിയുടെ ഏറ്റവും പുതിയ വ്ലോഗും ശ്രദ്ധിക്കപ്പെടുകയാണ്. അടുത്തിടെ ഒരു ടിവിഷോ കണ്ടപ്പോഴുണ്ടായ ചിന്തയാണ് ഇങ്ങനൊരു വീഡിയോ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഗൗരി പറയുന്നു. ‘നിങ്ങൾ ഭാര്യയോ അതോ വേലക്കാരിയോ?’ എന്ന തലക്കെട്ടോടെയാണ് വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.
‘ഭർത്താവിന്റെ വീട്ടിൽ വേലക്കാരിയെപ്പോലെ ട്രീറ്റ് ചെയ്യപ്പെടുന്നുവെന്നാണ് ആ റിയാലിറ്റി ഷോയിൽ പങ്കെടുത്ത പല ഭാര്യമാരും പറയുന്നത്. വീട്ടിൽ നമ്മളെ സഹായിക്കുന്ന ആള്‍ പണം കൊടുത്ത് നമ്മള്‍ ജോലിക്ക് വയ്ക്കുന്ന ആളാണ്. അവര്‍ ചെയ്യുന്നത് അവരുടെ തൊഴിലാണ്. അതാണോ വീട്ടിലെ ഭാര്യമാര്‍?”, എന്ന് ഗൗരി വ്ലോഗിൽ ചോദിക്കുന്നു.
‘ഭാര്യമാരെക്കാള്‍ നന്നായിട്ടാണ് വേലക്കാരികളെ നമ്മള്‍ ട്രീറ്റ് ചെയ്യുന്നത് എന്നാണ് എന്റെ പക്ഷം. നിയമവിരുദ്ധമായിട്ടാണെങ്കിലും പണം ഇങ്ങോട്ട് കൊടുത്താണ് ഓരോ പെണ്‍കുട്ടിയും ഭര്‍തൃവീട്ടിലേക്ക് വരുന്നത്. കല്യാണം കഴിച്ച് കൊണ്ടുവന്നാല്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും വീട്ടുജോലി ചെയ്യണം എന്നത് പണ്ടുള്ളവര്‍ ഉണ്ടാക്കി വെച്ച ഓരോ കാര്യങ്ങളാണ്. രാവിലെ എഴുന്നേല്‍ക്കണം, ഭക്ഷണം ഉണ്ടാക്കണം, അലക്കണം എന്നൊക്കെയാണ് ചിലർ പറയുന്നത്. സ്‌നേഹവും പരിഗണനയും കിട്ടുന്നിടത്ത് ഇതൊക്കെ പലരും ചെയ്യും. പക്ഷേ അത് അങ്ങോട്ടു മാത്രം പോരാ, തരിച്ച് ഇങ്ങോട്ടും ചെയ്യണം. നീ തന്നെ ചെയ്യണം ഇത് നിന്റെ ഉത്തരവാദിത്വമാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നം. വേലക്കാരിയെക്കാള്‍ താഴ്ന്ന നിലയില്‍ ജീവിക്കണോ അതിന് വേണ്ടി നിന്ന് കൊടുക്കണോ എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും ചോയ്സാണ്. അതിന് വേണ്ടി നിന്ന് കൊടുത്തതിന് ശേഷം മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എതിര്‍പ്പുള്ള കാര്യം തുറന്ന് പറയുക തന്നെ വേണം”, ഗൗരി പറഞ്ഞു.