കോലഞ്ചേരി ∙ മഴുവന്നൂർ പഞ്ചായത്തിലെ 16, 17 വാർഡുകളിൽ ഉൾപ്പെടുന്ന ബ്ലാന്തേവർ പാടശേഖരം കൃഷിപ്പെരുമ വീണ്ടെടുക്കാൻ ഒരുങ്ങുന്നു. 150 ഏക്കർ വരുന്ന പാടശേഖരത്തിൽ കൃഷി നടത്താൻ സംസ്ഥാന സർക്കാർ 1.15കോടി രൂപയാണ് നൽകുന്നത് .നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. ഇതിന്റെ ഭാഗമായി പാടശേഖരത്തിലെ തോട് സംരക്ഷണം, നീർ ചാലുകളുടെ സംരക്ഷണം, നീരൊഴുക്ക് സുഗമമാക്കൽ, കൃഷി പുഷ്ടിപ്പെടുത്തൽ, മണ്ണൊലിപ്പ് തടയൽ, മഴക്കുഴികളുടെ നിർമാണം തുടങ്ങിയവയാണ് നടത്താൻ ഉദ്ദേശിക്കുന്നത് .
മൂന്ന് പൂ കൃഷി ചെയ്തിരുന്ന ബ്ലാന്തേവർ പാടശേഖരം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വർഷങ്ങളായി തരിശായി കിടക്കുകയായിരുന്നു. വാർഡ് അംഗവും എൽഡിഎഫ് ജില്ലാ കൺവീനറുമായ ജോർജ് ഇടപ്പരത്തിയുടെ നേതൃത്വത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിച്ചത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനങ്ങളാരംഭിക്കുമെന്ന് പി.വി.ശ്രീനിജിൻ എംഎൽഎ അറിയിച്ചു.