കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആറാം മത്സരത്തിനിറങ്ങും. കൊച്ചിയിൽ എഫ് സി ഗോവയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. തുടർതോൽവികളിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും സ്വന്തം കാണികൾക്ക് മുന്നിൽ പോരിനിറങ്ങുന്നത്. കാണികളുട നിലയ്ക്കാത്ത ആരവങ്ങളുടെ പിന്തുണയോടെ ഗോവയെ മറികടക്കാമെന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ. അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയന്‍റ് നേടി പോയന്‍റ് പട്ടികയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. നാലു കളികളില്‍ ഒമ്പത് പോയന്‍റുള്ള ഗോവ നാലാമതും.
പ്രതിരോധ നിരയിലെ വിടവുകൾ നികത്തുകയാവും കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ പ്രധാന വെല്ലുവിളി. അഞ്ച് കളിയിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് ഒൻപത് ഗോളാണ്. കഴിഞ്ഞ സീസണിൽ ഗോവയെ തകർക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ടെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. മികച്ച യുവനിരയായിരുന്നു അന്ന് നേട്ടമൊരുക്കിയത്. അന്ന് കൂടുതൽ ക്ലീൻ ഷീറ്റും ബ്ലാസ്റ്റേഴ്സിനാണ്. പക്ഷെ ഇത്തവണ പ്രതിരോധം അത്ര മികച്ചതല്ല. ടൂർണ്ണമെന്‍റിലെ മികച്ച ടീമിനെ നേരിടുമ്പോൾ നല്ല കളി പുറത്തെടുക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് കോച്ച് ഇവാൻ പറഞ്ഞു.പ്രതിരോധത്തിലും മുന്നേറ്റത്തിലും ഉള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഓരോ മത്സരം കഴിയുമ്പോഴും ശ്രമിക്കുന്നുണ്ട്. താരങ്ങളെല്ലാം പരുക്കിൽ നിന്ന് മോചിതരാണ്. സന്തുലിതമാണ് ടീം. ബിജോയ് അടക്കമുള്ള പ്രതിരോധ താരങ്ങൾ മികച്ചവരാണെന്നും വരും മത്സരങ്ങളിൽ അവസരം നൽകുമെന്നും ഇവാൻ പറഞ്ഞു.
ദിമിത്രിയോസ് ഡമയമന്‍റക്കോസും സഹൽ അബ്ദുൽ സമദും ഗോൾപട്ടികയിൽ ഇടംപിടിച്ചതും ബ്ലാസ്റ്റേഴ്സിന് ആശ്വാസം നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ വേട്ടക്കാരനായിരുന്നു അൽവാരോ വാസ്ക്വേസിനെ മുന്നിൽ നിർത്തിയാവും ഗോവയിറങ്ങുക. ഏഴ് ഗോൾ നേടിയ ഗോവ രണ്ടുഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ.നേർക്കുനേർ കണക്കിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഗോവയ്ക്ക് വ്യക്തമായ ആധിപത്യം. പതിനാറ് കളിയിൽ ഒൻപതിലും ജയം ഗോവയ്ക്ക്. ബ്ലാസ്റ്റേഴ്സ് ജയിച്ചത് മൂന്നിൽ മാത്രം. നാല് കളി സമനിലയിൽ. ഗോവയുടെ 40 ഗോളിന് ബ്ലാസ്റ്റേഴ്സിന്‍റെ മറുപടി 23ഗോളും. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ടുകളിയും സമനിലയിൽ അവസാനിക്കുകയായിരുന്നു.