തൊടുപുഴയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കലയന്താനിയിലെ ഗോഡൗണിൽ മാൻഹോളിൽ നിന്ന് കണ്ടെത്തിയത്. മാൻഹോൾ പൊട്ടിച്ച് മൃതദേഹം പുറത്തെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.സംഭവത്തിൽ ബിജുവിന്റെ ബിസിനസ് പങ്കാളിയെയും ക്വട്ടേഷൻ സംഘത്തിലെയും അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ കുഴിച്ചുമൂടിയതായി കസ്റ്റഡിയിലെടുത്തവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യസംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.
ബിജുവിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ബിജുവിനെ പിന്നീട് കാണാതാവുകുകയായിരുന്നു. ബിജുവിന് പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നൽകിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെത്തി. കലയന്താനി സ്വദേശിയായ ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചു. എന്നാൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.