കാടിന് നടുവിൽ കറുത്ത ഗൗണിൽ അതിസുന്ദരിയായി ബോളിവുഡ് താരം വിദ്യാ ബാലൻ.
പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ദാബു രത്നാനി പകർത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വനത്തിനുള്ളിൽ വൈഫൈ കണക്ഷൻ ഇല്ലെങ്കിലും പ്രകൃതിയുമായി നല്ല കണക്ഷൻ ഉണ്ടാക്കാം എന്ന കുറിപ്പോടെയാണ് വിദ്യാബാലൻ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിദ്യയുടെ ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തത്. അതിമനോഹരമായ ചിത്രം എന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.
വിദ്യബാലൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥയായി എത്തുന്ന ഷെർണി എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെ ആണ് കാട്ടിനുള്ളിലെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജൂൺ 18ന് ആമസോൺ പ്രൈമിലൂടെയാണ് ഷെർണി റിലീസ് ചെയ്യുന്നത്. കാട്ടിൽ നിന്നും നിയന്ത്രണം വിട്ട കടുവ ജനവാസമേഖലയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ.
അമിത് മസൂർക്കർ സംവിധാനം ചെയ്ത ഷെർണിയുടെ ട്രെയിലർ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ടി സീരീസും
അബുണ്ടാൻറിയ എൻറർടൈൻമെൻറ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ
ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്, ഇള അരുൺ എന്നിവരും അഭിനയിക്കുന്നു.
സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ചെയ്യാനാണ് വിദ്യാബാലൻ ഇപ്പോൾ പ്രധാനമായും തയ്യാറാകുന്നത്. പ്രശസ്ത ഗണിതശാസ്ത്രജ്ഞ
ശകുന്തളാ ദേവിയായി വിദ്യാബാലൻ അഭിനയിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.