Spread the love

മഞ്ഞുമ്മൽ ബോയ്സ് എന്ന തന്റെ രണ്ടാം സിനിമയിലൂടെ മലയാള സിനിമയുടെ തന്നെ ദിശ മാറ്റിയ ആളാണ് പുതുമുഖ സംവിധായകൻ ചിദംബരം. തന്റെ ആദ്യ സിനിമയായ ജാൻ-എ-മന്നിനെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതിന്റെ ആത്മവിശ്വാസത്തിൽ മഞ്ഞുമ്മൽ ബോയ്സ് പോലൊരു വലിയ ചിത്രം എടുക്കുമ്പോൾ , അതുവഴി മലയാള സിനിമ ഇന്റസ്ട്രി തന്നെ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ചിദംബരം പോലും ചിന്തിച്ചിരുന്നില്ല.

എന്തായാലും മഞ്ഞുമ്മൽ ബോയ്സ് തിയറ്റർ തൂക്കിയതോടെ കൂടുതൽ ആത്മവിശ്വാസമുള്ള ചുവടുവെപ്പുമായ് എത്തിയിരിക്കുകയാണ് ചിദംബരം. ഇന്ത്യയിലെ തന്നെ ശ്രദ്ധേയ നിര്‍മ്മാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസിലൂടെ ചിദംബരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ വാർത്തകൾ.

‘അനന്യമായ വീക്ഷണവും കഥ പറയാനുള്ള വീക്ഷണവും കൊണ്ട് തെന്നിന്ത്യയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം ഹിന്ദി സിനിമാ അരങ്ങേറ്റത്തില്‍ കൂടെച്ചേരാന്‍ ഏറെ ആവേശമുണ്ടെ’ന്ന് ഫാന്‍റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്. ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്‍, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളും സീരീസുകളും നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണ് ഫാന്‍റം സ്റ്റുഡിയോസ്.

Leave a Reply