ഉപരിപഠനത്തിനും തൊഴിലവസരങ്ങള്‍ക്കും വഴികാട്ടുന്ന ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍, തന്‍റെ അനുഭവങ്ങളും അറിവും പുസ്തകമാക്കി. എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ബെന്നി മാത്യുവാണ് നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുന്ന ‘വിദ്യാര്‍ത്ഥി ഉദ്യോഗാര്‍ത്ഥിയാകുമ്പോള്‍’ എന്ന പുസ്തകം രചിച്ചത്. എംപ്ലോയ്മെന്‍റ് ഓഫീസറായും കരിയര്‍ ഗൈഡന്‍സ് സെല്ലിന്‍റെ ചുമതലക്കാരനുമായുമൊക്കെ പ്രവര്‍ത്തിച്ച മൂന്നു പതിറ്റാണ്ടിന്‍റെ അനുഭവം കൊണ്ട് സമ്പന്നമാണ് പുസ്തകം. ഉപരിപഠനത്തെ സംബന്ധിച്ചും വിവിധ തൊഴിൽ അവസരങ്ങളെ സംബന്ധിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മത്സര പരീക്ഷകൾക്ക് തയാറാകേണ്ട രീതികളും വിശദമാക്കുന്നു. ഓർമ്മ ശക്തി കൂട്ടുന്നതിനുള്ള പൊടിക്കൈകളും വായനക്കാർക്ക് പ്രയോജനകരമാണ്. കൂടാതെ വിവിധ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പകൾ, പുതു തലമുറ കോഴ്സുകൾ എന്നിവയിലും അറിവു നേടാൻ പുസ്തകം സഹായിക്കുന്നു.
കഴിഞ്ഞ ലോക് ഡൗണിലാണ് പുസ്തകം എഴുതി തുടങ്ങിയതെന്ന് ബെന്നി മാത്യു പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട് നിരവധി സർവകലാശാലകളിലും കോളേജുകളിലും കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. അതിൽ നിന്നും കിട്ടിയ അറിവുകളും പുസ്തക രചനക്ക് സഹായകമായി. കഴിഞ്ഞ ഒരു വർഷമായി എറണാകുളം ജില്ല എംപ്ലോയ്മെന്റ് ഓഫീസർ ആണ്. കണ്ണൂർ ,ഇടുക്കി ജില്ലകളിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.