ന്യൂഡൽഹി: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിനിടയിലുള്ള ഇടവേള കുറയ്‌ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും സ്വീകരിക്കുന്നതിന് ആവശ്യമായ ഇടവേള കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
നിലവിൽ രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം പിന്നിടുമ്പോഴാണ് മുൻകരുതൽ ഡോസുകൾ സ്വീകരിക്കാൻ അനുമതിയുള്ളത്. വിദേശത്ത് പോകേണ്ട ആവശ്യമുള്ളവർക്ക് 90 ദിവസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സാധിക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്നാണ് വിവരം.
അന്താരാഷ്‌ട്ര യാത്രക്കാർക്ക് പലർക്കും ബൂസ്റ്റർ ഡോസ് ആവശ്യമായതിനാൽ നിരവധിയാളുകൾ ഇടവേള കുറയ്‌ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറയ്‌ക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിലവിൽ വിഷയം കേന്ദ്ര സർക്കാർ പരിഗണനയിലാണെന്നാണ് വിവരം. അതേസമയം ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 190.67 കോടി കവിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണവും വർധിച്ച് വരികയാണ്. 19,494 പേരാണ് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.