മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പഴയൊരു ഹൂഡി ലേലത്തില്‍ വിറ്റുപോയത് 15,000 ഡോളറിന് (13 ലക്ഷത്തിലധികം രൂപ). ഫെയ്ബുക്കിന്റെ ആദ്യകാലഘട്ടത്തില്‍ സക്കര്‍ബര്‍ഗ് ഉപയോഗിച്ചിരുന്ന ഹൂഡിയില്‍ മെറ്റ സ്ഥാപകന്റെ കയ്യെഴുത്ത് കുറിപ്പുമുണ്ട്.
“ഓള്‍ഡ് സ്‌കൂള്‍ ഫെയ്‌സ്ബുക്ക് ഹൂഡികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണിത്. അതിന്റെ ഉള്‍വശത്തായി ഞങ്ങളുടെ യഥാര്‍ഥ ദൗത്യത്തിന്റെ പ്രസ്താവനയുമുണ്ട്. എന്‍ജോയ്!-മാര്‍ക്ക് സക്കര്‍ബര്‍ഗ്”, ഇത്തരത്തിലാണ് കുറിപ്പ്.
വസ്ത്രം ലേലത്തില്‍ സ്വന്തമാക്കി വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.സ്‌പോട്‌ലൈറ്റ്: ഹിസ്റ്ററി ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍സ് വ്യാഴാഴ്ച സംഘടിപ്പിച്ച ലേലത്തിലാണ് ഹൂഡി വിറ്റുപോയത്. 1,000 ഡോളര്‍ മുതല്‍ 2,000 ഡോളര്‍ വരെയാണ് ഹൂഡിയ്ക്ക് വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് 15,875 ഡോളര്‍ (13,86,582 രൂപ) ലഭിച്ചു. 22 തവണയാണ് ലേലത്തുക പുതുക്കിയത്. 2010 ല്‍ സക്കര്‍ബര്‍ഗ് സ്ഥിരമായി ധരിച്ച ഹൂഡിയാണിതെന്ന് കരുതപ്പെടുന്നു.