ചെന്നൈ∙ നാഗർകോവിലിനു അടുത്ത് പാർവതിപുരം മേഖലയിൽ റെയിൽവേ ട്രാക്കിൽ പാറക്കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും സ്ഥാപിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തിരുനെൽവേലി ജംക്‌ഷനിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിൻ (20924) നാഗർകോവിലിനടുത്ത് പാർവതിപുരം ഭാഗത്തിനു സമീപം സഞ്ചരിക്കുമ്പോൾ പെട്ടെന്ന് കല്ലുകളിൽ ഇടിക്കുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയശേഷം ലോക്കോ പൈലറ്റ് ഇറങ്ങി നോക്കിയപ്പോൾ ട്രാക്കിൽ കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും കണ്ടെത്തി.
ലോക്കോ പൈലറ്റ് പാർവതിപുരം റെയിൽവേ ക്രോസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പറെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് നാഗർകോവിൽ ജംക്‌ഷൻ റെയിൽവേ പൊലീസിനും വിവരം അറിയിച്ചു. സംഭവം നടക്കുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പ് ചിലർ ഇരുചക്രവാഹനത്തിൽ ഇതുവഴി കടന്നുപോയിരുന്നെന്ന് ഗേറ്റ് കീപ്പർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ ആരാണെന്ന് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.