Spread the love

സ്ത്രീകളിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ഒന്നാണ് സ്താനാർബുദം. ഏതാണ്ട് 59 ശതമാനം സ്ത്രീകളും അർബുദത്തിന്റെ അവസാന ഘട്ടത്തിലാണ് രോ​ഗനിർണയം നടത്തുക. ഇന്ത്യയിൽ 11 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ രോഗത്തെ തിരിച്ചറിയുന്നതെന്നാണ് ജെഎഎംഎ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. രോ​ഗ നിർണയം വൈകും തോറും അപകട സാധ്യത കൂടുതലാണ്.

സ്തനാർബുദം; അഞ്ച് ലക്ഷണങ്ങൾ

  • കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ
  • സ്തനവലിപ്പത്തിലെ മാറ്റങ്ങൾ
  • മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവം. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.
  • കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം
  • ലിംഫിന് സമീപത്തുള്ള വേദന

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ സ്വയം സ്തന പരിശോധന (SBE) ഏറെ പ്രധാനമാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.

സ്വയം സ്തന പരിശോധന എങ്ങനെ നടത്താം

സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.

സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.

‌സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോ​ഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോ​ഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാ​ഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

സ്തനാരോ​ഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോ​ഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോ​ഗ നിർണയം നടത്താനും സാധിക്കും.

Leave a Reply