
മലയാളികളുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികയായ ശോഭനയുടെ 52-ാം ജന്മദിനമാണിന്ന്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന ഈ പ്രിയനായികയെ മലയാളികൾ നെഞ്ചോട് ചേർക്കുകയാണ്. പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും ശോഭന നേടിയിട്ടുണ്ട്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളായ ശോഭന തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തിയത്.
1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം, 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശോഭനയെ തേടിയെത്തി.
ചെന്നൈയിൽ കലാര്‍പ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍.