Spread the love

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് പറഞ്ഞു.

‘‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവർ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു.’’–സുരേഷ് ഗോപി അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് പറയുന്നു. ഇതിനു മുൻപ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ വനിതാസംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്നും ജനുവരി മൂന്നിനു നടന്ന സമ്മേളനത്തിൽ അവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതിന്റെ ചിത്രം ‘ഹ്യൂജ് ഫാൻ മൊമന്റ്’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply