Spread the love

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയതിനാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും. ദിലീപിന്റെ കത്ത് കിട്ടിയാൽ സംഘടനയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ദിലീപ് നിലവിൽ സംഘടനയിൽ നിന്ന് സസ്പെൻഷനിലാണെന്നും ബി രാഗേഷ് പറഞ്ഞു.

അതേസമയം ദിലീപിനെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തിപരമായി ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും, ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് തന്‍റെ ഉറച്ച വിശ്വാസമെന്നുമാണ് അമ്മ വൈസ് പ്രസിഡന്‍റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. അതിനിടെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകൾ തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അത് കൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട് കോടതിനടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

Leave a Reply