റഷ്യയ്ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. വ്‌ളാഡിമര്‍ പുടിന്‍ സ്വേച്ഛാധിപതിയാണെന്ന് ബോറിസ് ജോണ്‍സണ്‍ തുറന്നടിച്ചു. യുക്രൈനില്‍ റഷ്യ നടത്തുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും യുകെ ചൂണ്ടിക്കാട്ടി.
അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.
റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.
ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.