Spread the love

ഫോണ്‍ ചെയ്യുമ്പോഴോ, മെസേജ് അയക്കുകയോ നമ്പർ മാറി പോകുന്നത് സാധാരണമാണ്. പക്ഷേ ഇതുപോലൊരു അനുഭവം ചിലപ്പോൾ ആർക്കും ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്.  ഗൾഫ് പോർട്ട് പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഒരു പോസ്റ്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പോലീസിന്‍റെ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. സംഭവം എന്താണെന്നല്ലേ? മിസിസിപ്പി സ്വദേശിയായ ഒരാൾ തന്‍റെ സുഹൃത്താണെന്ന് കരുതി ഒരു പോലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് സമൂഹ മാധ്യമങ്ങളില്‍ നിര്‍ത്താതെ ചിരി പടർത്തിയത്. 

തന്‍റെ സുഹൃത്തിനെ പുകവലിക്കാൻ ക്ഷണിച്ച് കൊണ്ടാണ് മിസിസിപ്പി സ്വദേശിയായ ഒരു യുവാവ് വാട്സാപ്പിൽ മെസ്സേജ് അയച്ചതായിരുന്നു സംഭവം. പക്ഷേ, ആ മെസേജ് നമ്പര്‍ മാറി ലഭിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനും. അല്പസമയത്തെ സംഭഷണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥൻ തന്‍റെ സെല്‍ഫി യുവാവിന് അയച്ച് കൊടുത്തതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസുകാരന്‍റെ സെല്‍ഫി കണ്ടപ്പോഴാണ് താന്‍ ആരെയാണ് ലഹരി ഉപയോഗിക്കാന്‍ വിളിച്ചതെന്ന് യുവാവിന് ബോധ്യമായത്. 

മെസ്സേജ് അയക്കുമ്പോൾ ഇനി മുതല്‍ രണ്ട് തവണ നമ്പർ പരിശോധിച്ച് ഉറപ്പാക്കണം എന്ന് കുറിച്ച് കൊണ്ട് ഗൾഫ്‌ പോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്‍റ് തന്നെയാണ് ഇരുവരുടെയും വാട്സാപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് തങ്ങളുടെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥനുമായി പേര് വെളിപ്പെടുത്താത്ത യുവാവ് സംഭഷണത്തിന് തുടക്കമിട്ടത്. പക്ഷേ, എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. 

Leave a Reply