Spread the love

യുവതാര നിരയെ അണിനിരത്തി ഒരുക്കിയ ബ്രോമാൻസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുമ്പേ ഒടിടിയില്‍ എത്തി. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, പ്രേമലു ഫെയിം സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിങ്ങനെ വലിയ താരനിര അഭിനയിക്കുന്ന ചിത്രം അരുൺ ഡി. ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 8 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. 14 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 14.75 കോടി നേടിയതായി കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടയാണ് ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. മെയ് 1 ന് പ്രദര്‍ശനം ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഏപ്രില്‍ 30ന് തന്നെ ചിത്രം എത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗോവിന്ദ് വസന്തയുടേതാണ് ചിത്രത്തിന്‍റെ സംഗീതം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Leave a Reply