ആലപ്പുഴ∙ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളായ 15 പേർക്കും തൂക്കുകയർ ലഭിച്ചത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധി. ഒരു കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിക്കുന്നത് അപൂർവ സംഭവമാണ്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികളെല്ലാം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.
ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ അവസാനത്തേതായിരുന്നു രൺജീത് ശ്രീനിവാസിന്റെ കൊലപാതകം. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ.നന്ദുകൃഷ്ണ ആദ്യം കൊല്ലപ്പെട്ടു. 2021 ഫെബ്രുവരി 24ന്. പ്രതികാരമെന്ന പോലെ ഡിസംബർ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി. പിറ്റേന്നു രാവിലെയായിരുന്നു രൺജീത് ശ്രീനിവാസ് വധം. ഈ കേസിൽ മാത്രമാണു കോടതി നടപടികൾ പൂർത്തിയായത്.
∙ 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ
ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച രൺജീത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നു കോടതിയിൽ ഹാജരാക്കിയത് 156 സാക്ഷികളെ. ആയിരത്തോളം രേഖകളും നൂറിലേറെ തൊണ്ടി മുതലുകളും ഹാജരാക്കി.
വിരലടയാളം, ശാസ്ത്രീയ തെളിവുകൾ, ക്യാമറ ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയാറാക്കിയ യാത്രാവഴി എന്നിവയും പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ചു.പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയ ജുഡീഷ്യൽ ഓഫിസർമാർ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, കൊല്ലപ്പെട്ട രൺജീത്തിന്റെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ സംഭവത്തിൽ സാക്ഷികളായിരുന്നു. ക്രിമിനൽ നടപടി നിയമം 313 വകുപ്പ് പ്രകാരം 6000 പേജുകളിലാണു വിചാരണ കോടതി ജഡ്ജി മൊഴി രേഖപ്പെടുത്തിയത്. 2022 ഡിസംബർ 16നു കേസിലെ 15 പ്രതികളെയും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
∙ ഗൂഢാലോചന നടത്തിയത് 3 തവണ
രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്താൻ പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്നു പ്രോസിക്യൂഷൻ രേഖകൾ. വയലാറിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദു കൃഷ്ണ കൊല്ലപ്പെട്ടതിനെ തുടർന്നു തിരിച്ചടി ഉണ്ടാകുമ്പോൾ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കാനാണു പ്രതികൾ ആദ്യം ഗൂഢാലോചന ചെയ്തത്. പട്ടിക തയാറാക്കിയ ശേഷം 2021 ഡിസംബർ 18നു രാത്രി മണ്ണഞ്ചേരിയിലും ആലപ്പുഴ റെയിൽവെ സ്റ്റേഷനു അടുത്തും ഒത്തുചേർന്നു തുടർ ഗൂഢാലോചന നടത്തി രൺജീത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വീട്ടിൽ രൺജീത് ഉണ്ടോയെന്ന് ഉറപ്പാക്കാൻ മൂന്നാം പ്രതിയുടെ നേതൃത്വത്തിൽ വീടിനു മുന്നിലെത്തി അന്വേഷണം നടത്തി.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആലപ്പുഴ നഗരത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിലും മണ്ണഞ്ചേരിയിൽ പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും ഒത്തുചേർന്നു തയാറെടുപ്പു നടത്തി. ആറു വാഹനങ്ങളിലായി മഴു, ചുറ്റിക, വാൾ, കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി 12 പ്രതികൾ രാത്രി രൺജീത്തിന്റെ വീടിനു അടുത്ത് എത്തി. സാഹചര്യം അനുകൂലമല്ലാത്തതിനാൽ മടങ്ങിപ്പോയി. പുലർച്ചെ വീണ്ടുമെത്തി രൺജീത്തിനെ കൊലപ്പെടുത്തി.
∙ വെട്ടിയത് 8 പേർ ചേർന്ന്; 4 പേർ കാവൽ നിന്നു
ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളിൽ 8 പേർക്കും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്നു കോടതി വിലയിരുത്തി. വീട്ടിൽ കയറി ആക്രമിച്ചവരാണ് ആദ്യ 8 പ്രതികൾ. ഇവർക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. 9 മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിന്നതിനാൽ അവരും കൊലപാതകക്കുറ്റത്തിനു ശിക്ഷാർഹരാണ്. 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായെന്നു തെളിഞ്ഞതിനാലാണ് കൊലക്കുറ്റം ചുമത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ വീട്ടിൽ അതിക്രമിച്ചു കടന്നതിനും 1, 2, 7 പ്രതികൾക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിനും കുറ്റം ചുമത്തി.
∙ പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ കോടതിയിൽ പറഞ്ഞു . സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടു നിരപരാധിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ യഥാർഥത്തിൽ 3 കൊലപാതകമാണു നടത്തിയത്. അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണ്. പ്രതികൾക്കു നിസ്സാര ശിക്ഷ നൽകിയാൽ അതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണം.
കേസിലെ മൂന്നാം പ്രതി അനൂപിന്റെ ഭാര്യയുടെ വീട്ടിൽ നിന്നു കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്ന്, പ്രതികൾ കൊലപ്പെടുത്താൻ തീരുമാനിച്ചവരുടെ പട്ടിക പൊലീസിനു ലഭിച്ചിരുന്നു. അതിലെ ഒന്നാം പേരുകാരനായ രൺജീത് ശ്രീനിവാസിനെയാണ് പ്രതികൾ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. പ്രതികൾക്കു പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കിൽ പട്ടികയിലുള്ള മറ്റുള്ളവരെ കൊലപ്പെടുത്താൻ അതു പ്രതികൾക്കു പ്രേരണയാകുമെന്നു പ്രോസിക്യൂഷൻ വാദിച്ചു.
∙ പ്രതികൾക്കെതിരായ വകുപ്പുകൾ
ഒന്നു മുതൽ 8 വരെ പ്രതികൾ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഇന്ത്യൻ ശിക്ഷാനിയമം 449–ാം വകുപ്പ്, 9 മുതൽ 12 വരെ പ്രതികൾ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയതിനു 447–ാം വകുപ്പ്, 1, 5, 9, 11, 12 പ്രതികൾ വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തിയതിന് 427–ാം വകുപ്പ്, ഒന്നു മുതൽ 8 വരെ പ്രതികൾ ഭീഷണിപ്പെടുത്തിയതിന് 506 (2) വകുപ്പ്, രൺജീത്തിന്റെ അമ്മയെ എട്ടാം പ്രതി വാൾ ഉപയോഗിച്ച് ആക്രമിച്ചതിന് 324–ാം വകുപ്പ്, 2, 7, 8 പ്രതികൾ രൺജീത്തിന്റെ കുടുംബാംഗങ്ങളെ ഉപദ്രവിച്ചതിന് 323–ാം വകുപ്പ്, ഒന്നു മുതൽ 8 വരെ പ്രതികൾ അന്യായമായി തടഞ്ഞുവച്ചതിന് 341 –ാം വകുപ്പ്, 1 മുതൽ 9 വരെ പ്രതികളും 13, 15 പ്രതികളും തെളിവു നശിപ്പിച്ചതിന് 201–ാം വകുപ്പ്.
∙ വിചാരണ ആലപ്പുഴയ്ക്കു പുറത്തേക്ക് മാറ്റാൻ ശ്രമം
സുരക്ഷ കുറവായതിനാൽ കേസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്ക്കു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ നടപടികൾ ആലപ്പുഴയിൽനിന്നു ഹൈക്കോടതി ഉത്തരവ് പ്രകാരമാണു മാവേലിക്കര സെഷൻസ് കോടതിയിലേക്കു മാറ്റിയത്. ഇതിനെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി സമ്മതിച്ചില്ല. മാവേലിക്കരയിൽ വിചാരണ തുടരുമ്പോൾ ഒന്നാം പ്രതിയുടെ അഭിഭാഷകൻ മരിച്ചതിനെ തുടർന്ന് ഒരു മാസം വിചാരണ നിർത്തിവച്ചിരുന്നു.